തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനുള്ള ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. ഡിസംബര്‍ 26ന് ശേഷം ശബരിമലയിൽ എത്തുന്നവർക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി. 24 മണിക്കൂർ മുമ്പാണ് പരിശോധന നടത്തേണ്ടത്. നേരത്തെ ആന്‍റിജൻ പരിശോധന നിർബന്ധമായിരുന്നു. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്.
മണ്ഡലപൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീർഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. എല്ലാ തീർഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഐസിഎംആറിന്‍റെ അംഗീകാരമുള്ള എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബില്‍ നിന്നെടുത്ത ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി ലാമ്പ്, എക്‌സ്പ്രസ് നാറ്റ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആര്‍.ടി.പി.സി.ആര്‍ അല്ലെങ്കില്‍ എക്‌സ്പ്രസ് നാറ്റ് പരിശോധന നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെയാണ് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയത്. ഇതുവരെ ശബരിമലയിൽ 51 തീർഥാടകര്‍ക്കും 245 ജീവനക്കാര്‍ക്കും ഉള്‍പ്പെടെ 299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തീർഥാടന കാലത്ത് പത്തനംതിട്ടയില്‍ 31 ശതമാനവും കോട്ടയത്ത് 11 ശതമാനവും കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം തെരഞ്ഞെടുപ്പ് സമയത്തെ ആള്‍ക്കൂട്ടങ്ങളും രോഗഭീഷണിയായി മാറിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ആവശ്യപ്പെട്ടു.