തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ഭേദമായവരില്‍ വീണ്ടും വൈറസ് ബാധയുണ്ടാകുന്നത് കൂടുതലും ചെറുപ്പക്കാരില്‍. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരിലാണ് വീണ്ടും വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.
സംസ്ഥാനത്ത് ഇതുവരെ 2301 പേര്‍ക്ക് രണ്ടാമതും കൊവിഡ് വന്നു എന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. എന്നാല്‍ ഇത് കൃത്യമായ കണക്കല്ലെന്ന് വകുപ്പ് സമ്മതിക്കുന്നു.
കഴിഞ്ഞ വര്‍ഷം ആകെ കൊവിഡ് ബാധിതരില്‍ 0.2% പേര്‍ക്ക് വീണ്ടും രോഗബാധ ഉണ്ടായെങ്കില്‍ ഈ വര്‍ഷം അത് 0.02% ആയി ചുരുങ്ങിയെന്നും വിലയിരുത്തലുണ്ട്.
14 ജില്ലകളില്‍ നടത്തിയ പഠനത്തിനുശേഷമാണ് ഇത്തരമൊരു നിഗമനത്തില്‍ ആരോഗ്യ വകുപ്പ് എത്തിയിരിക്കുന്നത്. രണ്ടുവട്ടം കൊവിഡ് ബാധിച്ചവർ കൂടുതലും മലപ്പുറം ജില്ലയിലാണ്. കുറവ് വയനാട് ജില്ലയിലും.
രാജ്യാന്തര മാനദണ്ഡ പ്രകാരം കൊവിഡ് ബാധിച്ചവർക്ക് വീണ്ടും പരിശോധന
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കൊവിഡ് ബാധിതരിലാണ് വീണ്ടും രോഗവ്യാപനമുണ്ടായോ എന്ന് പരിശോധിച്ചത്. രാജ്യാന്തര മാനദണ്ഡപ്രകാരം 102 ദിവസത്തെ ഇടവേള നിശ്ചയിച്ചാണ് രണ്ടാമതും കൊവിഡ് ബാധിച്ചിരുന്നോയെന്ന് വിലയിരുത്തിയത്.
2020ല്‍ 5.38 ലക്ഷം കൊവിഡ് ബാധിതരില്‍ 1597 പേര്‍ക്കാണ് വീണ്ടും കൊവിഡ് വന്നത്. ഈ വര്‍ഷം 28.11 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ 704 പേര്‍ക്ക് രണ്ടാമതും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഈ വിവരങ്ങള്‍ തുടക്കം മുതല്‍ പരിശോധിക്കാത്തതിനാൽ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവർ രണ്ടാം വട്ടം കൊവിഡ് വന്നവരാണോ എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല.
സംസ്ഥാനത്തെ രോഗവ്യാപനം രൂക്ഷമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ രോഗ ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത.
വാക്‌സിൻ എടുത്തവർക്ക് രോഗം ബാധിക്കുന്നതിന്‍റെ കണക്കെടുപ്പ് ആരംഭിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം 230, കൊല്ലം 157, പത്തനംതിട്ട 140, ആലപ്പുഴ 132, കോട്ടയം 109, ഇടുക്കി 42, എറണാകുളം 242, തൃശൂര്‍ 215, പാലക്കാട് 134, മലപ്പുറം 454, കോഴിക്കോട് 236, വയനാട് 38, കണ്ണൂര്‍ 93, കാസര്‍കോട് 79 എന്നിങ്ങനെയാണ് ആവര്‍ത്തിച്ച് കൊവിഡ് വന്നവരുടെ ജില്ല തിരിച്ച് ആരോഗ്യവകുപ്പിന്‍റെ കൈവശമുള്ള കണക്ക്.
വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആവര്‍ത്തിച്ച് കൊവിഡ് ബാധിക്കുന്നവരുടെ കണക്കെടുക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഇതുകൂടാതെ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത ശേഷം വീണ്ടും കൊവിഡ് വന്നവരുടെ കണക്കും ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്.
കേരളത്തിലെത്തിയ കേന്ദ്രസംഘം വാക്‌സിന്‍ എടുത്തവരിൽ രോഗബാധയുണ്ടാകുന്നത് ഗൗരവമായി കാണണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വൈറസിന് വകഭേദമുണ്ടായോയെന്ന് പഠനം വേണമെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ വാക്‌സിൻ എടുത്തവർക്ക് രോഗം ബാധിക്കുന്നതിന്‍റെ കണക്കെടുപ്പും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
Also Read: ഒരാഴ്‌ചയിലേറെയായി പുതിയ കേസുകളില്ല, സിക നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി