തിരുവനന്തപുരം : വിദ്വേഷ പ്രസംഗ കേസില്‍ പൂജപ്പുര ജയിലില്‍ കഴിയുന്ന പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് ഇന്ന് പുറത്തിറങ്ങിയേക്കും. അനന്തപുരി മതവിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം റദ്ദാക്കിയതിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ജാമ്യം നല്‍കിയതോടെയാണ് ജോര്‍ജിന് പുറത്തിറങ്ങാനുള്ള വഴി തെളിഞ്ഞത്.
അന്വേഷണവുമായി സഹകരിക്കണമെന്നും വിദ്വേഷപരമായ പ്രസംഗങ്ങളോ പരാമർശങ്ങളോ തുടര്‍ന്നുള്ള ദിനങ്ങളില്‍ നടത്തരുതെന്നും ഹൈക്കോടതി നിർദേശിച്ചു. സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തരത്തിലാണ് പിസി യുടെ പ്രസംഗമെന്നും ജാമ്യം അനുവദിക്കുകയാണെങ്കിൽ കർശന ഉപാധികൾ മുന്നോട്ടുവയ്ക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
കുറ്റം ആവര്‍ത്തിക്കില്ലെന്ന് പിസി : കുറ്റം ആവർത്തിക്കില്ലെന്നും വെണ്ണല കേസിൽ കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനുശേഷം വിദ്വേഷ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും പി സിയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. അതേസമയം വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ ഗൂഢാലോചന അന്വേഷിക്കണം. ഇതിനായി പിസിയുടെ ശബ്ദ സാമ്പിളുകളടക്കം ശേഖരിക്കണമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
തുടർന്ന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച സിംഗിൾ ബെഞ്ച് ശാസ്ത്രീയ പരിശോധനകൾക്കടക്കം സഹകരിക്കണമെന്നും പിസി ജോർജിന് നിർദേശം നൽകി. കൂടാതെ വെണ്ണലയിലെ കേസിൽ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിടാനും കോടതി ഉത്തരവിട്ടു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാനായി പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരവ് വൈകുന്നേരത്തിനകം ജയിലില്‍ കിട്ടിയാല്‍ മാത്രം മോചനം : ജാമ്യ ഉത്തരവ് പൂജപ്പുര സെൻട്രൽ ജയിലിൽ വൈകിട്ട് 7.30നകം എത്തിച്ചാൽ ഇന്നുതന്നെ പുറത്തിറങ്ങാമെന്ന് ജയിൽ അധികൃതർ പറഞ്ഞു. സാധാരണ നിലയിൽ ഉത്തരവ് ഇ-മെയിലായി നൽകുന്നത് ജയിലിൽ സ്വീകരിക്കാറില്ല. ബോണ്ട് നടപടികൾ വഞ്ചിയൂർ കോടതിയിൽ പൂർത്തിയാക്കാൻ ഹൈക്കോടതി അനുവദിച്ചാൽ തിരുവനന്തപുരത്തുനിന്ന് തന്നെ ജാമ്യ ഉത്തരവ് കൈപ്പറ്റി വൈകുന്നേരത്തിന് മുൻപ് തന്നെ ജയിലിൽ എത്തിച്ച് പി സി ജോർജിന് പുറത്തിറങ്ങാനാകും.
Also Read: മത വിദ്വേഷ പ്രസംഗം: പി.സി ജോർജ് പൂജപ്പുര ജയിലിൽ
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗം പി.സി.ജോര്‍ജിന്‍റെ ഭാഗത്തുനിന്നുണ്ടായത്. തുടര്‍ന്ന് 153 എ, 295 എ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തത്. വിദ്വേഷ പ്രസംഗത്തിൽ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ച് സര്‍ക്കാര്‍ സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കുകയായിരുന്നു.
പിസിയുള്ളത് പൂജപ്പുര ജയിലില്‍ : ഇതോടെ പി.സി. ജോർജിനെ റിമാൻഡ് ചെയ്ത് പൂജപ്പുര ജയിലിലേക്ക് മാറ്റി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രാവിലെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കിയാണ് ജോർജിനെ റിമാൻഡ് ചെയ്തത്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. പി സി. ജോര്‍ജിനെ പുറത്തുവിട്ടാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കുമെന്ന പ്രോസിക്യൂഷന്‍ വാദത്തിന്‍റെ അടിസ്ഥാനത്തിലാണ് റിമാന്‍ഡ് ചെയ്തത്.
ഒന്നിനേയും ഭയമില്ലെന്ന് ജോര്‍ജ് : പൊലീസ് മർദിക്കുമെന്ന ഭയമുണ്ടോ എന്ന് പി.സി. ജോർജിനോട് കോടതി ചോദിച്ചിരുന്നു. തനിക്ക് ഒന്നിനേയും ഭയമില്ലെന്നും പൊലീസിനെതിരെ പരാതിയില്ലെന്നും പി.സി. ജോർജ് പറഞ്ഞു. പൊലീസ് പി.സി. ജോർജിനെ ലക്ഷ്യമിട്ട് പ്രവർത്തിക്കുകയാണെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ആരോഗ്യ നില പരിശോധിക്കുന്നതിനായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു.
റിമാൻഡിനുശേഷവും ആരോഗ്യ പരിശോധന നടത്തി. വാഹനത്തിനുള്ളിൽ മെഡിക്കൽ സംഘത്തെ എത്തിച്ചാണ് മെഡിക്കൽ പരിശോധന പൂർത്തിയാക്കിയത്. അതിനിടെ എറണാകുളത്തെ വെണ്ണലയില്‍ നടത്തിയ മതവിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു.