തിരുവനന്തപുരം : ഹരിയാനയിലെ റോത്തക് മൃഗശാലയിൽ നിന്ന് തിരുവനന്തപുരം മൃഗശാലയിൽ (Thiruvananthapuram Zoo) എത്തിച്ച ഹനുമാൻ കുരങ്ങുകളിൽ ഒന്ന് ചത്തു (Hanuman monkey died). ശനിയാഴ്‌ച (11-11-2023) രാവിലെയോടെയാണ് സംഭവം. സെപ്‌റ്റംബർ 17നാണ് ഹരിയാന റോത്തക് മൃഗശാലയിൽ നിന്ന് നാല് ഹനുമാൻ കുരങ്ങുകളെ കേരളത്തിൽ എത്തിച്ചത്. ഇവയെ ഒരുമിച്ച് ഒരു കൂട്ടിലായിരുന്നു പാർപ്പിച്ചിരുന്നത്.
ഒപ്പം ഉണ്ടായിരുന്ന മറ്റ് കുരങ്ങുകളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്ന നാല് വയസ് പ്രായമുള്ള ആൺ ഹനുമാൻ കുരങ്ങിനെ മൃഗശാല ആശുപത്രിയിൽ ചികിത്സിച്ചുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഹനുമാൻ കുരങ്ങ് ചത്തത്. രണ്ട് ആൺകുരങ്ങുകളെയും രണ്ട് പെൺ കുരങ്ങുകളെയുമാണ് തലസ്ഥാനത്ത് എത്തിച്ചിരുന്നത്. അതേസമയം ഹനുമാൻ കുരങ്ങ് ചത്ത സംഭവം മൃഗശാല അധികൃതർ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്.
ക്വാറന്‍റൈനിന്‍റെ ഭാഗമായാണ് ഹനുമാൻ കുരങ്ങുകളെ ഒരുമിച്ച് ഒരു കൂട്ടിൽ പാർപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മറ്റു മൂന്നു കുരങ്ങുകൾ ചേർന്ന് ഹനുമാൻ കുരങ്ങിനെ ആക്രമിച്ചത്. അടുത്തിടെ തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്നും എത്തിച്ച നൈല എന്ന സിംഹം പ്രസവിച്ച രണ്ട് സിംഹക്കുട്ടികളും ഒരു ഹിമാലയൻ കരടിയുടെ കുട്ടിയും തിരുവനന്തപുരം മൃഗശാലയിൽ ചത്തിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത സംഭവം.
അതേസമയം ഹിമാലയൻ കരടി കുട്ടി ചത്ത സംഭവവും ഇപ്പോൾ ഹനുമാൻ കുരങ്ങ് ചത്ത സംഭവവും മൃഗശാല അധികൃതർ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേരത്തെ തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്നും എത്തിച്ച ഹനുമാൻ കുരങ്ങ് ചാടിപ്പോയ സംഭവം വലിയ വാർത്തയായിരുന്നു. ജീവനക്കാരുടെ മാസങ്ങൾ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ഹനുമാൻ കുരങ്ങിനെ അന്ന് പിടികൂടിയത്.