തിരുവനന്തപുരം : മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. പാളയം ജർമൻ സാംസ്‌കാരിക കേന്ദ്രത്തിന്‍റെ ശുചിമുറിയിലാണ് ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയത്. ഇവിടെവച്ച് മൃഗശാല ജീവനക്കാര്‍ കുരങ്ങിനെ പിടികൂടി. കഴിഞ്ഞ മാസം 13 നാണ് ഹനുമാൻ കുരങ്ങ് രക്ഷപ്പെട്ടത്.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് രണ്ട് ഹനുമാന്‍ കുരങ്ങുകളെയാണ് എത്തിച്ചത്. ഇതില്‍ പെണ്‍ കുരങ്ങാണ് ചാടിപ്പോയത്. ജൂണ്‍ 13ന് ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് കുരങ്ങ് കൂട്ടില്‍ നിന്ന് പുറത്തുചാടിയത്.
കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് 23ാം ദിവസമാണ് കുരങ്ങിനെ പിടികൂടാനായത്. പുറത്ത് അലഞ്ഞ് തിരിഞ്ഞ കുരങ്ങിനെ വ്യക്തമായി നിരീക്ഷിച്ചതിന് ശേഷമാകും സന്ദര്‍ശക കൂട്ടിലേക്ക് മാറ്റുക. നിരന്തരം കുരങ്ങിനെ നിരീക്ഷിക്കുന്നതിന് ഷിഫ്‌റ്റ് അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
രാവിലെ 9.30 മുതൽ വൈകിട്ട് 6 മണി വരെ മൃഗശാലയിലെ അനിമൽ കീപ്പറായ ഉദയ് ലാലാണ് കുരങ്ങിനെ നിരീക്ഷിക്കുക. വൈകിട്ട് 6 മണി മുതൽ രാവിലെ 9.30 വരെ അജിതൻ എസ്, സുജി ജോർജ് എന്നിവര്‍ക്കുമാണ് ചുമതല. വലയും ബൈനോക്കുലറും ഉൾപ്പടെയുള്ള സംവിധാനങ്ങൾ കരുതിയാണ് നിരീക്ഷണം.
നഗരം ചുറ്റി ഒടുക്കം പിടിയിലായി : തലസ്ഥാന നഗരം ചുറ്റിക്കറങ്ങി നടന്ന ഹനുമാൻ കുരങ്ങ് വ്യാഴാഴ്‌ച വൈകിട്ടാണ് വഴുതക്കാടുള്ള ജർമൻ സാംസ്‌കാരിക കേന്ദ്രത്തിലെത്തിയത്. സെൻട്രൽ ലൈബ്രറിയിലെ ആൽമരത്തിൽ നിന്ന് ചാടിപ്പോയ കുരങ്ങ് പാളയത്തെ താജ് വിവാന്ത ഹോട്ടൽ, വുമൺസ് കോളജ്, ആകാശവാണി എന്നീ സ്ഥലങ്ങളിൽ കറങ്ങി നടന്ന ശേഷം രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ജർമൻ സാംസ്‌കാരിക കേന്ദ്രത്തിലെ തെങ്ങിന് മുകളിൽ തമ്പടിച്ചത്.
ജർമൻ സാംസ്‌കാരിക കേന്ദ്രത്തിന്‍റെ നാലാം നിലയിൽ കുരങ്ങിന് ഇഷ്‌ടപ്പെട്ട ഭക്ഷണം വച്ച് ബിൽഡിങ്ങിലേക്ക് ചാടിക്കയറുമ്പോള്‍ പിടികൂടാനായിരുന്നു ശ്രമം. ഇതിനിടെയാണ് വൈകിട്ട് കുരങ്ങ് ബിൽഡിങ്ങിലെ ശുചിമുറിയിലേക്ക് ഓടി കയറിയത്. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശുചിമുറി പൂട്ടി. തുടർന്ന് വല ഉപയോഗിച്ച് പിടികൂടി മൃഗശാലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുരങ്ങിനെ പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മൃഗശാലയില്‍ അതിഥികള്‍ വേറെയും: ജൂണ്‍ 13ന് പരീക്ഷണാർഥം കൂട് തുറക്കുന്നതിനിടെ ചാടിപ്പോയ കുരങ്ങ് മ്യൂസിയം വളപ്പിലെ മരത്തിന് മുകളില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. മരത്തിന് താഴെ ഇഷ്‌ട ഭക്ഷണങ്ങളൊരുക്കി അധികൃതര്‍ കാത്തിരുന്നെങ്കിലും കുരങ്ങ് താഴെയിറങ്ങിയിരുന്നില്ല. പ്രകോപിപ്പിക്കാതെ കൂട്ടിലടയ്ക്കാനായിരുന്നു മൃഗശാല അധികൃതരുടെ തീരുമാനം.
മരത്തിന് മുകളില്‍ തമ്പടിച്ച കുരങ്ങിനെ വീണ്ടും കാണാതാവുകയായിരുന്നു. പെണ്‍ കുരങ്ങ് കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ ആണ്‍ കുരങ്ങിനെ സന്ദര്‍ശക കൂട്ടിലേക്ക് മാറ്റിയിരുന്നു. ഹനുമാന്‍ കുരങ്ങിനെ കൂടാതെ വെള്ള മയില്‍, രണ്ട് ജോടി കാട്ടുകോഴികള്‍, ഒരു ജോടി സിംഹം എന്നിവയെയും തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് മൃഗശാലയില്‍ എത്തിച്ചിരുന്നു. ഇതിന് പുറമെ ജിറാഫ്, സീബ്ര എന്നീ മൃഗങ്ങളെയും മൃഗശാലയില്‍ എത്തിക്കണമെന്നാണ് സന്ദര്‍ശകരുടെ ആവശ്യം.