തിരുവനന്തപുരം : എസ്.എസ്.എൽ.സി ഹയർ സെക്കണ്ടറി പരീക്ഷ നടത്തിപ്പിന് മാർഗനിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ഒരു മുറിയിൽ 20 കുട്ടികളെ മാത്രമെ പരീക്ഷക്ക് ഇരുത്താൻ സാധിക്കൂ. ഇവർക്ക് ആവശ്യമായ മാസ്‌കും സാനിറ്റൈസറും സ്‌കൂളുകളിൽ ഒരുക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. സംസ്ഥാനത്തെ റസിഡന്‍റ്ഷ്യൽ സ്‌കൂൾ കുട്ടികളെ ഹോസ്റ്റലിൽ എത്തിക്കാൻ നടപടി സ്വീകരിക്കണം.
ഹോസ്റ്റലുകളിൽ താമസിച്ചിരുന്ന പട്ടിക ജാതി, പട്ടിക വർഗ്ഗ വിദ്യാർഥികൾക്ക് പരീക്ഷക്ക് അതാത് സ്‌കൂളുകളിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ വീടിനടുത്തുള്ള ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ അവസരമൊരുക്കും. ലോക്ക് ഡൗണിനെ തുടർന്ന് മറ്റ് ജില്ലകളിൽ കുടുങ്ങിയ വിദ്യാർഥികൾക്കും അധ്യാപകർക്കും സ്വന്തം സ്‌കൂളുകളിൽ എത്താൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അത് പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കും.
നിലവിൽ കൊവിഡ് പുനരധിവാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ അന്തേവാസികളെ മറ്റൊരിടത്തേക്ക് മാറ്റാൻ പ്രിൻസിപ്പൽമാർ ജില്ലാ ഭരണകൂടത്തോടും തദ്ദേശ സ്ഥാപനങ്ങളോടും ആവശ്യപ്പെടണമെന്നും നിർദേശമുണ്ട്. മാറ്റിവച്ച എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഈ മാസം 21നും 29 നും ഇടയിൽ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പരീക്ഷകളുടെ മൂല്യ നിർണയം ബുധനാഴ്ച ആരംഭിക്കും.