തിരുവനന്തപുരം: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സജ്ജം. രണ്ട് വർഷത്തിന് ശേഷമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നത്. ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്.
മൈതാനത്തിലെ 90 ശതമാനം നവീകരണവും പൂർത്തിയായി കഴിഞ്ഞു. ഫീൽഡ് ഓഫ് പ്ലേയുടെയും പിച്ചിന്‍റെയും നിർമ്മാണവും ഇതില്‍ ഉള്‍പ്പെടും. പുല്ലിന്‍റെ ഡിസൈൻ കട്ടിങ്, പിച്ച് റോളിങ് തുടങ്ങി മത്സരത്തോടടുക്കുമ്പോൾ ചെയ്യേണ്ട അനുബന്ധ പ്രവർത്തനങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.
രണ്ട് പിച്ചുകളാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്. ലോക്കൽ ക്ലേയിലുള്ള ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന സെൻട്രൽ വിക്കറ്റാകും മത്സരത്തിനായി ഉപയോഗിക്കുക. മത്സരത്തിന് മുന്നോടിയായി ബിസിസിഐ ക്യൂറേറ്റർ വിലയിരുത്തിയ ശേഷമാകും ഏത് പിച്ചാകും ഉപയോഗിക്കുക എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത്.
മത്സരത്തിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് ഇരു ടീമുകളും തലസ്ഥാനത്തെത്തുമെന്ന് കെസിഎ ക്യൂറേറ്റര്‍ ബിജു എഎം പറഞ്ഞു. ടീമുകൾക്ക് നെറ്റ് പ്രാക്‌ടീസിന് സൗകര്യമൊരുക്കിയിരിക്കുന്നത് മൈതനത്തിന് പുറത്തുള്ള പ്രത്യേക സ്ഥലത്താണ്. നെറ്റ്‌സിന്‍റെ നിർമാണ പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്. പ്രധാന സ്റ്റേഡിയത്തിലാണ് ഫീൽഡിങ് പ്രാക്ടീസ്.
40000 പേർക്ക് ഇരിക്കാനാകുന്ന തരത്തിലാണ് ഗാലറി സജ്ജമാക്കുന്നതെന്നും ക്യൂറേറ്റര്‍ വ്യക്തമാക്കി. സെപ്റ്റംബർ 19 മുതലാണ് ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിക്കുക. പേടിഎം ഇൻസൈഡർ വഴിയാണ് ഓണ്‍ലൈനില്‍ ടിക്കറ്റുകൾ ലഭ്യമാവുക. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ചലച്ചിത്ര താരം സുരേഷ് ഗോപി ഉദ്‌ഘാടനം ചെയ്യും. ഇന്ത്യന്‍ താരം സഞ്‌ജു സാംസണും ചടങ്ങില്‍ പങ്കെടുക്കും.
മത്സരത്തിനായി ദക്ഷിണാഫ്രിക്കൻ ടീം 24ന് തിരുവനന്തപുരത്തെത്തും. 25ന് ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തിന് ശേഷം 26നാകും ഇന്ത്യന്‍ ടീം എത്തുന്നത്. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇരു ടീമുകളും തങ്ങുക. 28ന് വൈകിട്ട് 7.30 മുതലാണ് മത്സരം.
ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ മത്സരം കാണാൻ എത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു.