തിരുവനന്തപുരം : മൃഗശാലയിൽ പുതുതായി എത്തിച്ച കുരങ്ങ് ചാടിപ്പോയി. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് ജൂൺ അഞ്ചിന് എത്തിച്ച ഹനുമാൻ കുരങ്ങാണ് കൂട്ടിൽ നിന്ന് പുറത്തുചാടിയത്. ചൊവ്വാഴ്‌ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.
പുതുതായി എത്തിച്ച മൃഗങ്ങളെ മറ്റന്നാൾ (15-06-2023) സന്ദർശക കൂട്ടിലേക്ക് മാറ്റാനിരിക്കുകയായിരുന്നു. ഇതിന് മുന്നോടിയായി സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതിന്‍റെ ട്രയൽ നടത്തുന്നതിനിടെയാണ് ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. അഞ്ച്-ആറ് വയസ്സ് പ്രായമുള്ള പെൺകുരങ്ങാണ് രക്ഷപ്പെട്ടത്. ക്വാറൻ്റീനിൽ പാർപ്പിച്ചിരുന്ന കൂട്ടിൽ നിന്നും സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതിനിടയിൽ കുരങ്ങ് ഞൊടിയിടയിൽ കടന്നുകളയുകയായിരുന്നുവെന്ന് മൃഗശാല സൂപ്രണ്ട് വി രാജേഷ് ഇടിവി ഭാരതിനോട് പറഞ്ഞു.
ആൺകുരങ്ങിനെയും പെൺകുരങ്ങിനെയുമാണ് തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജി പാർക്കിൽ നിന്ന് തിരുവനന്തപുരം മൃശാലയിലെത്തിച്ചത്. രാത്രിയായതിനാൽ കുരങ്ങിനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ നിർത്തിയിരിക്കുകയാണ്. ഹനുമാൻ കുരങ്ങ് മൃഗശാല പരിസരത്തുനിന്ന് പുറത്തുപോകാൻ സാധ്യതയില്ലെന്നും രാജേഷ് പറഞ്ഞു.
ഇനിയെന്ത് : ഹനുമാൻ കുരങ്ങുകൾ പൊതുവേ ആക്രമണ സ്വഭാവമുള്ളവയാണ്. ഓരോ ജോഡി സിംഹങ്ങൾ, ഹനുമാൻ കുരങ്ങുകൾ, എമു എന്നിവയെയാണ് മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ച് തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. ഇവയെ സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതും പേരിടലും ഈ മാസം 15ന് നടത്താനിരിക്കുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയാണ് മൃഗങ്ങൾക്ക് പേരിടുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ നടക്കവേയാണ് ഹനുമാൻ കുരങ്ങ് രക്ഷപ്പെട്ടത്.
പേരിടല്‍ ചടങ്ങ് അനിശ്ചിതത്വത്തില്‍ : നിലവിലെ സാഹചര്യത്തിൽ പേരിടൽ ചടങ്ങും മറ്റ് മൃഗങ്ങളെ സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതും മാറ്റിവയ്ക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. അതേസമയം പുതുതായെത്തിച്ച മൃഗങ്ങളെ നിരീക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും മൃഗശാല ജീവനക്കാരുടെ ഭാഗത്തുനിന്ന് വൻവീഴ്‌ച സംഭവിച്ചതായും ആക്ഷേപം ഉയരുന്നുണ്ട്. പുതുതായി എത്തിച്ച മൃഗങ്ങൾ പൂർണ ആരോഗ്യവാന്മാരാണെന്നും ഇവ കൂടുമായി ഇണങ്ങിയെന്നും മൃഗശാല ഡോക്‌ടർ അലക്‌സാണ്ടർ ജേക്കബ് നേരത്തെ അറിയിച്ചിരുന്നു.
ചൊവ്വാഴ്‌ചയുണ്ടായ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് അധികൃതർ. കഴിഞ്ഞ മാസം 29 നാണ് മ്യൂസിയം ആൻഡ് മൃഗശാല വകുപ്പ് ഡയറക്‌ടർ എസ്.അബു, മൃഗശാല ഡയറക്‌ടർ രാജേഷ്, മൃഗഡോക്‌ടർ അലക്‌സാണ്ടർ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘം മൃഗങ്ങളെ എത്തിക്കാനായി തിരുപ്പതിയിലേക്ക് പോയത്. ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിന് പകരം നൽകാനുള്ള ആറ് പന്നിമാനുകൾ, മൂന്ന് കഴുതപ്പുലികൾ എന്നീ മൃഗങ്ങളുമായാണ് സംഘം പോയത്. വെള്ള മയിൽ, രണ്ട് ജോഡി കാട്ടുകോഴി എന്നിവയെയും ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് ഉടൻ എത്തിക്കാനിരിക്കുകയാണ്.