തിരുവനന്തപുരം: പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിന്‍റെ സസ്‌പെന്‍ഷന്‍ പിൻവലിച്ച് സർക്കാർ. പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റിന്‍റെ നയപ്രഖ്യാപനം അനിശ്ചിതത്വത്തിലാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ താഴെയിറക്കിയ ജ്യോതിലാലിനെ, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തന്നെ സര്‍ക്കാര്‍ വീണ്ടും നിയമിക്കുകയായിരുന്നു.
ഗവര്‍ണറെ അനുനയിപ്പിക്കാൻ സസ്‌പെൻഷൻ: ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബിജെപി നേതാവ് ഹരി എസ്. കര്‍ത്തയെ നിയമിച്ചതില്‍ അതൃപ്‌തി അറിയിച്ച് ജ്യോതിലാല്‍ രാജ്ഭവന് കത്തയച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് നയപ്രഖ്യാപന പ്രസംഗത്തിന്‍റെ പതിമൂന്നാം മണിക്കൂറില്‍ പ്രസംഗത്തില്‍ ഒപ്പുവയ്ക്കാന്‍ തയാറകാതെ ഗവര്‍ണർ മാറി നിന്നത്. ഇതോടെ കടുത്ത ഭരണഘടനാ പ്രതിസന്ധിയിലകപ്പെട്ട സര്‍ക്കാര്‍ ജ്യോതിലാലിനെ സസ്‌പെന്‍ഡ് ചെയ്‌ത് ഗവര്‍ണറെ അനുനയിപ്പിക്കുകയായിരുന്നു.
ഇക്കാര്യം ചീഫ് സെക്രട്ടറി നേരിട്ട് രാജഭവനിലെത്തി വിശദീകരിച്ച ശേഷമാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാൻ തയാറായത്. സര്‍ക്കാരിന്‍റെ തീരുമാന പ്രകാരം മാത്രം പ്രവര്‍ത്തിച്ച ഉദ്യോഗസഥനെ ബലിയാക്കി സര്‍ക്കാര്‍ പ്രതിസന്ധി നേരിട്ടതിനെതിരെ അന്ന് കടുത്ത വിമര്‍ശനമാണുയര്‍ന്നത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതും ഗവര്‍ണര്‍ണര്‍ അന്ന് സര്‍ക്കാരിനെതിരെ ആയുധമാക്കിയിരുന്നു.
ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍: പ്രതിസന്ധി മറികടന്ന സര്‍ക്കാര്‍ ഏകദേശം രണ്ടു മാസമാകും മുമ്പ് സസ്‌പെന്‍ഡ് ചെയ്‌ത ഐഎഎസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. ഇന്നത്തെ മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ അറസ്റ്റിന് പിന്നാലെ രണ്ടു വര്‍ഷം സസ്‌പെന്‍ഷനില്‍ കഴിഞ്ഞ ശേഷം കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മടങ്ങിയെത്തിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ശിവശങ്കറിന് മൃഗസംരക്ഷണ വകുപ്പിന്‍റെയും ക്ഷീരവികസന വകുപ്പിന്‍റെയും അധിക ചുമതല കൂടി നല്‍കി. തദ്ദേശ ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ഐ.ടി വകുപ്പിന്‍റെ അധിക ചുമതല നല്‍കി. ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ പ്ലാനിങ് ആന്‍ഡ് എക്കണോമിക് അഫയേഴ്‌സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു.
പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുടെ ചുമതലയും ഇദ്ദേഹത്തിനു നല്‍കി. കെ.എസ് ശ്രീനിവാസിനെ ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ടിങ്കു ബിസ്വാളിനെ ഭക്ഷ്യ സിവില്‍ സപ്‌ളൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചു. പൊതുമരാമത്തിന്‍റെ പുതിയ സെക്രട്ടറിയായി അജിത് കുമാറിനെയും വനിത ശിശുക്ഷേമ വകുപ്പ് ഡയറക്‌ടറായി പ്രിയങ്കയേയും നിയമിച്ചു.