തിരുവനന്തപുരം: എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടി സർക്കാർ. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്തിപ്പിനുള്ള അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നീട്ടിവെക്കാൻ അനുമതി തേടിയത്. നേരത്തെ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഈമാസം 17 മുതല്‍ 30വരെയാണ് പരീക്ഷകള്‍ നിശ്‌ചയിച്ചിരുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ് പരീക്ഷ നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.
തെരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളതിനാൽ പരീക്ഷാ നടത്തിപ്പിനൊരുങ്ങാനുള്ള അസൗകര്യമാണ് പ്രധാനമായും പരീക്ഷ നീട്ടിവയ്ക്കാനുള്ള ആവശ്യത്തിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. മൂല്യനിർണയ ക്യാമ്പുകളായി ഉപയോഗിക്കേണ്ട സ്ഥലങ്ങൾ ബാലറ്റുകൾ സൂക്ഷിക്കാനുള്ള സ്ട്രോംഗ് റൂമുകളാക്കുന്നതും പരീക്ഷാ നടത്തിപ്പിന് തടസമാകും. ഫലപ്രഖ്യാപനം നടക്കുന്ന മെയ് 2 വരെ ഇവ വിട്ടുകിട്ടില്ല. ഈ പശ്ചാത്തലത്തിൽ മെയ് 3 ന് ശേഷം പരീക്ഷകൾ നടത്താമെന്ന നിർദേശമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. അതേസമയം, സിലബസുകള്‍ പഠിപ്പിച്ച് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പരീക്ഷ മാറ്റി വെക്കണമെന്ന് അധ്യാപക സംഘടനകളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു.