തിരുവനന്തപുരം: സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും തോരണങ്ങളും നീക്കം ചെയ്യാന്‍ നിര്‍ദേശവുമായി സര്‍ക്കാര്‍. നീക്കം ചെയ്യാത്ത ബോര്‍ഡുകള്‍ കണ്ടെത്തിയാല്‍ 5000 രൂപ പിഴ ഈടാക്കാനും സര്‍ക്കാര്‍ തീരുമാനം. വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
അനധികൃതമായി നിര്‍മിച്ച ബോര്‍ഡുകളും തോരണങ്ങളും സ്ഥാപിച്ച അതാത് സ്ഥാപനങ്ങള്‍ സ്വന്തം ചെലവില്‍ തന്നെ അവ നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ഹൈക്കോടതി നടപ്പാതകൾ, കൈവരികൾ, റോഡുകളുടെ നടുവിലെ മീഡിയൻ, ട്രാഫിക് ഐലൻഡ് എന്നിവിടങ്ങളിൽ കൊടി മരങ്ങൾ, തോരണങ്ങൾ, കൊടികൾ, പരസ്യബോർഡുകൾ എന്നിവ അനധികൃതമായി സ്ഥാപിച്ചവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിട്ടിരുന്നു.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രാദേശിക സമിതികളും ജില്ലകളിൽ നിരീക്ഷണ സമിതികളും ബോർഡുകൾ നീക്കാൻ രൂപവത്‌കരിച്ചിരുന്നു. എന്നാല്‍ ഈ സമിതികൾ പരാജയമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. മാത്രമല്ല സർക്കാർ നടപടികൾ പരിശോധിക്കാൻ നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടും കോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് ബോർഡുകൾ നീക്കിയില്ലെങ്കിൽ പിഴ ഈടാക്കാനുള്ള നിയമ നടപടികളിലേക്ക് കടക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.