തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. 50 കോടി വേണമെന്നായിരുന്നു മാനേജ്മെൻ്റ് ധന വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 30 കോടിയാണ് അനുവദിച്ചത്. ധനവകുപ്പ് 20 കോടി കൂടി അനുവദിച്ചാല്‍ 37 കോടി ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ശമ്പള വിതരണം തുടങ്ങാനാകുമെന്നാണ് മാനേജ്മെന്‍റ് പറയുന്നത്.
87 കോടി രൂപയാണ് ശമ്പള വിതരണത്തിനായി കെഎസ്ആർടിസിക്ക് വേണ്ടത്. ഡിസംബർ മാസത്തിൽ 222.34 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ആകെ കളക്ഷൻ വരുമാനം. എന്നാൽ ഈ തുക ഡീസൽ അടക്കമുള്ള അത്യാവശ്യ ചെലവുകൾക്ക് ഉപയോഗിക്കണമെന്നാണ് മാനേജ്മെന്‍റ് പറയുന്നത്.
ശമ്പള വിതരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് എല്ലാ മാസവും 5 ന് ശമ്പളം നൽകുമെന്നായിരുന്നു ധാരണ. മുഖ്യമന്ത്രി നൽകിയ ഉറപ്പ് മാനേജ്മെന്‍റ് പാലിക്കാത്തതിൽ തൊഴിലാളി യൂണിയനുകൾ പ്രതിഷേധത്തിലാണ്. വരും ദിവസങ്ങളിൽ സമരങ്ങളിലേക്ക് കടക്കാനാണ് തൊഴിലാളി യൂണിയനുകളുടെ നീക്കം.