തിരുവനന്തപുരം : എഐ ക്യാമറകളുടെ പ്രവര്‍ത്തനത്തിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ക്യാമറകളുടെ മേല്‍നോട്ടം വഹിക്കുന്ന കെല്‍ട്രോണിന് കുടിശ്ശിക തുക അനുവദിച്ച് സര്‍ക്കാര്‍. തീരുമാനം സര്‍ക്കാരില്‍ നിന്ന് കരാര്‍ പ്രകാരമുള്ള തുക ലഭിക്കാത്തതിനെ തുടര്‍ന്ന് എഐ ക്യാമറ കണ്‍ട്രോള്‍ റൂമില്‍ നിന്നും കെല്‍ട്രോണ്‍ ജീവനക്കാരെ പിന്‍വലിച്ചതിന് പിന്നാലെ (AI Camera Crisis).
9.39 കോടി രൂപയാണ് കെൽട്രോണിന് ധനവകുപ്പ് അനുവദിച്ചത്. ആദ്യ ഗഡുവായാണ് കെൽട്രോണിന് ഇത്രയും തുക നല്‍കുന്നത്. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പിന്‍റെ ഉത്തരവിറങ്ങി. കരാർ പ്രകാരം 3 മാസം കൂടുമ്പോൾ പതിനൊന്നര കോടി രൂപയാണ് കെൽട്രോണിന് സർക്കാർ നൽകേണ്ടത്. എന്നാൽ 6 മാസം പിന്നിട്ടിട്ടും കരാർ പ്രകാരം ഒരു രൂപ പോലും നൽകിയിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കണ്‍ട്രോള്‍ റൂമിൽ നിന്നും കെൽട്രോൺ ജീവനക്കാരെ പിൻവലിച്ചത്. മാത്രമല്ല എഐ ക്യാമറ വഴി കണ്ടെത്തുന്ന എല്ലാ നിയമ ലംഘനങ്ങൾക്കും പിഴ ഈടാക്കുന്നതും കെല്‍ട്രോണ്‍ അവസാനിപ്പിച്ചിരുന്നു (Keltron Contract Amount Issues). ഈ സാഹചര്യത്തിലാണ് പണം അനുവദിച്ചത്. പണമില്ലെങ്കിൽ കണ്‍ട്രോള്‍ റൂമുകള്‍ നിർത്തുമെന്ന് ചൂണ്ടിക്കാട്ടി കെൽട്രോൺ സർക്കാരിന് കത്തും നൽകിയിരുന്നു (AI Camera Contract).
Also Read: പണം കിട്ടിയില്ല ; എഐ ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് നിര്‍ത്തി കെൽട്രോൺ
എഐ ക്യാമറ സ്ഥാപിച്ച് ആദ്യ മൂന്ന് മാസം 120 കോടി പിഴയുടെ ചെലാൻ വാഹന ഉടമകൾക്ക് അയച്ചിരുന്നു. ഇതിൽ നിന്നും 35 കോടിയോളം രൂപ ഖജനാവിലെത്തുകയും ചെയ്‌തു. എന്നാൽ പിന്നീട് ചെലാൻ പ്രിന്‍റ് ചെയ്‌ത് അയക്കാനുള്ള പണം കെൽട്രോണിന്‍റെ കൈവശം ഉണ്ടായിരുന്നില്ല. 2.5 കോടി രൂപയാണ് പ്രിന്‍റ് ചെയ്യാനുള്ള പേപ്പറിനും സ്റ്റാമ്പിനും കവറിനുമായി വേണ്ടത്.