തിരുവനന്തപുരം ഗവൺമെന്‍റ്കണ്ണാശുപത്രിയുടെപുതിയ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഏഴുനിലകളിലായി പണി കഴിപ്പിച്ചിരിക്കുന്ന കണ്ണാശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇ ഹെൽത്ത്, റഫറൽ ഒപി, പ്രധാന സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ ,ആധുനികതീയറ്റർ, ലാബ് സമുച്ചയങ്ങൾ തുടങ്ങിയവ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും.
സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ നേത്ര ചികിത്സാ കേന്ദ്രം ഇത്രയും കാലം പ്രവർത്തിച്ചത് കടുത്ത സ്ഥലപരിമിതിയിൽ ആയിരുന്നു. പുതിയ ബഹുനില മന്ദിരം പ്രവർത്തനം ആരംഭിച്ചതോടെ പ്രശ്നങ്ങൾക്ക്പരിഹാരമായി. താഴത്തെ നിലയിൽ ഒപി രജിസ്ട്രേഷനും ഫാർമസിയും ഒന്നാംനിലയിൽ റഫറൽ ഒപിയും പ്രവർത്തിക്കും. ഗ്ലോക്കോമ, കോർണിയ, പീഡിയാട്രിക് ഒഫ്താൽമോളജി, സ്ക്വിന്‍റ്സ്പെഷ്യാലിറ്റികൾ രണ്ടാം നിലയിൽ പ്രവർത്തിക്കും. മൂന്നാം നിലയിൽ ലാബ് സമുച്ചയവും നാലാം നിലയിൽ ഡേ കെയർ വാർഡും പ്രവർത്തിക്കും.അഞ്ചാം നിലയിലാണ് ഓപ്പറേഷൻ തിയേറ്ററുകൾ. ഒഴിവുവരുന്ന പഴയ മുറികളിൽ റെറ്റിന, ലോ വിഷൻ, കോൺടാക്ട് ലെൻസ് ക്ലിനിക്കുകളും കാഴ്ച പരിമിതർക്കുള്ള പുനരധിവാസ പദ്ധതിയായ പുനർ ജ്യോതിയും വിപുലമായി സജ്ജീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
