തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ കെ.എ.എസ് പരീക്ഷ എഴുതാന്‍ കൂട്ട അവധിയെടുക്കുന്നതിനെതിരെ സര്‍ക്കാര്‍. അവധി എടുത്തവര്‍ പരീക്ഷ എഴുതിയാല്‍ അവരെ അയോഗ്യരാക്കണമെന്ന് നിര്‍ദേശിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറി ശ്രീ. കെ. ആർ. ജ്യോതിലാൽ ഐ.എ.എസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
അവധി എടുത്തവര്‍ ജോലി ഉപേക്ഷിച്ച ശേഷം പഠിക്കുകയോ അല്ലെങ്കില്‍ അവധി റദ്ദാക്കി തിരിച്ചു ജോലിയില്‍ പ്രവേശിപ്പിക്കണമെന്നോ ആവശ്യപ്പെട്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കണമെന്നും കത്തില്‍ പറയുന്നു. സെക്രട്ടേറിയേറ്റിലെ അൻപതോളം ഉദ്യോഗസ്ഥരാണ് കെ.എ.എസ് പരീക്ഷാ പരിശീലനത്തിനായി കൂട്ട അവധി എടുത്തത്. ഇത് സെക്രട്ടേറിയേറ്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. മാത്രമല്ല നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കും. സര്‍വീസിലിരിക്കെ നിലവിലെ ജോലിക്ക് വിഘാതം സൃഷ്ടിക്കുന്ന രീതിയില്‍ അവധി എടുത്ത് മറ്റൊരു ജോലിക്ക് ശ്രമിക്കുന്നത് ഈ ജീവനക്കാരുടെ സാമൂഹിക പ്രതിബദ്ധത ഇല്ലായ്മ വിളിച്ചോതുന്നതാണ്. പൊതുജനത്തിന് നല്‍കേണ്ട സേവനം മറന്ന് സ്വന്തം കരിയര്‍ മാത്രം മെച്ചപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ പ്രവണത നിരൂത്സാഹപ്പെടുത്തണമെന്നും കത്തില്‍ പറയുന്നു. അതേസമയം ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനമെടുത്തിട്ടില്ല.