തിരുവനന്തപുരം: കാർഷിക നിയമഭേദഗതിയുമായി ബന്ധപ്പെട്ട തർക്കത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മറുപടി. അടിയന്തരമായി നിയമസഭാസമ്മേളനം ചേരേണ്ട സാഹചര്യമില്ല. വിഷയത്തിൽ ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. നിയമസഭാ സമ്മേളനത്തിന് അനുമതി നൽകാത്ത ഗവർണറുടെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ച് ഗവർണർക്ക് കത്ത് നൽകിയിരുന്നു.
ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം എന്നായിരുന്നു മുഖ്യമന്ത്രി കത്തിൽ ഉന്നയിച്ചത്. ഇക്കാര്യത്തിലാണ് ഗവർണറുടെ പ്രതികരണം ഉണ്ടായത്. അതേസമയം, ഗവർണർക്ക് എതിരെ പ്രതിഷേധവുമായി സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷവും പരസ്യമായി രംഗത്തെത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യ വിമർശനം ഒഴിവാക്കി. കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു നടന്ന ഐക്യദാർഢ്യ പരിപാടിയിൽ നിയമസഭാ സമ്മേളനം അനുവദിക്കാത്ത ഗവർണറുടെ തീരുമാനത്തിന് എതിരെ പരാമർശമുണ്ടായില്ല.