തിരുവനന്തപുരം | Onam Celebrations 2023 : ഓണം ഘോഷയാത്രയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഔദ്യോഗികമായി ക്ഷണിച്ച് സർക്കാർ. മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസും രാജ്ഭവനിൽ നേരിട്ടെത്തിയാണ് ഗവർണറെ ക്ഷണിച്ചത്. ഗവർണർക്ക് മന്ത്രിമാർ ഓണക്കോടി സമ്മാനിക്കുകയും ചെയ്‌തു.
അതേസമയം ഗവർണർ അടുത്ത ദിവസം ഡൽഹിക്ക് തിരിക്കും. ഓണത്തിന് മുൻപ് കേരളത്തിൽ മടങ്ങിയെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ വർഷം ഓണം ഘോഷയാത്രയിൽ പങ്കെടുക്കാൻ ഗവർണറെ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. സാധാരണ ഓണാഘോഷത്തിന്‍റെ സമാപന ചടങ്ങിൽ ഗവർണർമാരാണ് വിശിഷ്‌ടാതിഥികളായി പങ്കെടുത്തിരുന്നത്. എന്നാൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം തീർത്തും വഷളായ സാഹചര്യത്തിലായിരുന്നു ഘോഷയാത്രയിലേക്ക് ഗവർണറെ ക്ഷണിക്കാതിരുന്നത്.
അട്ടപ്പാടിയിലെ ആദിവാസി കോളനിയിലാണ് ഗവർണർ കഴിഞ്ഞ വർഷം ഓണം ആഘോഷിച്ചത്. അതേസമയം മെയ് മാസം ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനൊപ്പം പ്രാതല്‍ കഴിക്കാനെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി നേരിട്ട് ഗവര്‍ണറെ ക്ഷണിച്ചിരുന്നു. എന്നാൽ ഗവർണർ പോയിരുന്നില്ല. ക്ഷണം സ്വീകരിച്ചുവെന്ന് അറിയിച്ച് എത്തുമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഗവർണർ ക്ലിഫ് ഹൗസിലേക്ക് പോയിരുന്നില്ല.
അതേസമയം സ്വാതന്ത്ര്യദിനത്തില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ നടത്തിയ സത്‌കാരത്തില്‍ മുഖ്യമന്ത്രി കുടുംബസമേതം പങ്കെടുത്തിരുന്നു. ഭാര്യയ്ക്കും കൊച്ചുമകനുമൊപ്പമായിരുന്നു മുഖ്യമന്ത്രി എത്തിയത്. അന്ന് അരമണിക്കൂറോളം ചടങ്ങില്‍ പങ്കെടുത്താണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രിമാർ നേരിട്ടെത്തി ക്ഷണിച്ചതിനാൽ ഗവർണർ ഓണം ഘോഷയാത്രയിൽ പങ്കെടുക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.
ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി : ഈ വർഷം സർക്കാർ സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്‌റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ നടത്തും. കേരളത്തിന് പുറത്തുനിന്നുളളവരെ ആകർഷിക്കുന്ന രീതിയിൽ സംസ്ഥാനത്ത് പരിപാടികൾ ആസൂത്രണം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് ഘോഷയാത്ര സംഘടിപ്പിക്കണമെന്നും ഓണാഘോഷം വിജയകരമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
മാസപ്പടി വിവാദത്തില്‍ ഗവർണറുടെ പ്രതികരണം : മാസപ്പടി വിഷയം സംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതിലപ്പുറം ഒന്നും തനിക്ക് അറിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മാധ്യമങ്ങളാണ് ഗുരുതര ആരോപണമെന്ന് പറഞ്ഞത്. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ആ വിഷയവുമായി ബന്ധപ്പെട്ട് ഒരു രേഖകളും കണ്ടിട്ടില്ല. ഇത് ആദായ നികുതി വകുപ്പിന്‍റെ വിഷയമാണെന്നും മാധ്യമങ്ങൾ താൻ പറയുന്നത് മാത്രം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ നിയമന ഫയൽ എന്‍റെ മുന്നിൽ എത്തിയിട്ടില്ല. മുൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ്.മണികുമാറിനെ നിയമിക്കാൻ ആവശ്യപ്പെട്ടതുമായി സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിന് യാഥാര്‍ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു സിപിഎം വിശദീകരണം.