തിരുവനന്തപുരം : സർവകലാശാലകളിലെ സർക്കാർ ഇടപെടലുകളില്‍ കടുത്ത അതൃപ്തി അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലർ പദവി ഒഴിയാൻ തയാറാണെന്ന് അറിയിച്ച് ഗവർണർ സർക്കാരിന് കത്ത് നൽകി. രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഗവർണർ ഉന്നയിച്ചിരിക്കുന്നത്. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു.
വൈസ് ചാൻസലർ നിയമനങ്ങളിലെ അതൃപ്തിയാണ് ഗവർണർ പ്രകടിപ്പിച്ചിരിക്കുന്നത്. ചാൻസലർ എന്ന പരമാധികാര പദവി താൻ ഒഴിഞ്ഞുതരാമെന്നും സർക്കാരിന് വേണമെങ്കിൽ തന്നെ നീക്കം ചെയ്യാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അസാധാരണമായ പ്രതിഷേധമാണ് ഗവർണർ ഉന്നയിച്ചിരിക്കുന്നത്.
ALSO READ: മദ്യവിതരണം നിര്‍ത്തി കമ്പനികള്‍ ; ക്രിസ്തുമസ്-ന്യൂ ഇയര്‍ സീസണില്‍ ബെവ്‌കോയില്‍ ക്ഷാമസാധ്യത
കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തിയാണ് ഗവർണർ പരസ്യമാക്കിയിരിക്കുന്നത്. കാലടി സംസ്‌കൃത സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതും പ്രതിഷേധത്തിന് കാരണമായി. പട്ടിക നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സർക്കാർ വിസി സ്ഥാനത്തേക്ക് ഒറ്റപ്പേര് നൽകി. ഇതിൽ ഗവർണർ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
കണ്ണൂർ വിസി നിയമനത്തിനായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷന്‍റെ നേതൃത്വത്തിൽ മൂന്നംഗ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെ ആ കമ്മിറ്റി തന്നെ റദ്ദാക്കി വിസിക്ക് പുനർനിയമനം നൽകി. ഇതിലെല്ലാമാണ് ഗവര്‍ണറുടെ പ്രതിഷേധം.