തിരുവനന്തപുരം: ഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഞായറാഴ്‌ച വൈകിട്ട് തിരുവനന്തപുരത്ത് എത്തും. ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് തൊട്ട് മുമ്പാണ് പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെതിരെ ഗവര്‍ണര്‍ പരസ്യമായി രംഗത്ത് വന്നത്. പിന്നാലെ ഡല്‍ഹിലെത്തിയ ഗവര്‍ണര്‍ വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടുമെന്നറിയിച്ചു. മുഖ്യമന്ത്രിയുടെ റസിഡന്റ് കമ്മിഷണര്‍ പരാമര്‍ശത്തിനും ഗവര്‍ണര്‍ മറുപടി നല്‍കി. തുടര്‍ന്ന് അദ്ദേഹം ബംഗളൂരുവിലേക്ക് പുറപ്പെട്ടു.
തിരുവനന്തപുരത്ത് എത്തിയ ശേഷം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ സംഭവത്തില്‍ വിശദീകരണം തേടുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തലസ്ഥാനത്ത് നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലും ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. വിഷയത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ഭാഗമായി നാളെ വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം പൊതയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചേക്കും.