തിരുവനന്തപുരം: ആശുപത്രികളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ആശുപത്രി സംരക്ഷണ നിയമ ഓര്‍ഡിനന്‍സിന് അംഗീകാരം. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. കഴിഞ്ഞ മന്ത്രിസഭ യോഗമാണ് ഓര്‍ഡിനന്‍സ് അംഗീകരിച്ച് ഗവര്‍ണറുടെ പരിഗണനയ്ക്കയച്ചത്.
അംഗീകാരം ലഭിച്ചത് നാളുകളായുള്ള ആവശ്യത്തിന്: കൊട്ടാരക്കരയില്‍ ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് സമഗ്രമായ ആശുപത്രി സംരക്ഷണ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യപ്രവര്‍ത്തകരുടെ നിരവധി നാളായുള്ള ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. 2012ലെ കേരള ആരോഗ്യരക്ഷാസേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാസേവന സ്ഥാപനങ്ങളും സംരക്ഷിക്കല്‍ നിയമം ഭേദഗതി ചെയ്‌താണ് പുതിയ നിയമം.
ആരോഗ്യമേഖലയിലെ മിനിസ്‌റ്റീരിയല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാര്‍ക്കും സുരക്ഷാപരിരക്ഷ ഉറപ്പാക്കുന്ന നിയമത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. ആശുപത്രികളില്‍ കാണിക്കുന്ന അതിക്രമത്തിന് ആറുമാസം മുതല്‍ ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കുന്ന വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിക്രമത്തിന്‍റെ കാഠിന്യമനുസരിച്ച് ശിക്ഷയും വര്‍ധിക്കും.
കൊലപാതകം, കൊലപാതക ശ്രമം എന്നിവയ്ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പരമാവധി ശിക്ഷ ഉറപ്പുവരുത്തും. വാക്കാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിച്ചാലും ശിക്ഷ ലഭിക്കാനുള്ള വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ കൂടാതെ മിനിസ്‌റ്റീരിയല്‍ ജീവനക്കാരേയും സുരക്ഷ ജീവനക്കാരേയും പുതിയ നിയമത്തിന്‍റെ പരിരക്ഷയില്‍ കൊണ്ടുവന്നിട്ടുണ്ട്.
ആരോഗ്യ രക്ഷാസ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്‌തുവരുന്നതുമായ പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്‌റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരും ഇതിന്‍റെ ഭാഗമാകും. കൂടുതല്‍ പേരെ പിന്നീട് നിയമ പരിരക്ഷയില്‍ കൊണ്ടുവാരാനുള്ള വകുപ്പും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും ഉണ്ടാക്കുന്ന നാശനഷ്‌ടത്തിനും നഷ്‌ടപരിഹാരം ഈടാക്കാനുള്ള വകുപ്പും പുതിയ നിയമത്തില്‍ ചേര്‍ത്തു.
ശിക്ഷ കടുക്കും: ആശുപത്രിയില്‍ ഉണ്ടാകുന്ന നഷ്‌ടത്തിന്‍റെ ആറിരട്ടി വരെ നഷ്‌ടപരിഹാരം ഈടാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമമുണ്ടായാല്‍ തടവുശിക്ഷ കൂടാതെ 50,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ശിക്ഷയും അനുഭവിക്കേണ്ടി വരും. ആക്രമണം നടത്തുകയോ ചെയ്യാന്‍ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നല്‍കുകയോ ചെയ്‌താല്‍ ആറ് മാസത്തില്‍ കുറയാതെ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. പുറമെ 50,000 രൂപയില്‍ കുറയാതെ രണ്ട് ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.
ആരോഗ്യരക്ഷാസേവന പ്രവര്‍ത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തില്‍ കുറയാതെ ഏഴുവര്‍ഷം വരെ തടവുശിക്ഷ. ഒരു ലക്ഷം രൂപയില്‍ കുറയാതെ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിവേഗ അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലും ഉറപ്പുവരുത്തും. ഒരു മണിക്കൂറിനില്‍ തന്നെ സംഭവത്തില്‍ എഫ്‌ഐആര്‍ ഇടണം.
കുറ്റവാളികള്‍ക്ക് പരമാവധി വേഗത്തില്‍ ശിക്ഷ: രണ്ട് മാസത്തിനുള്ളില്‍ ഇന്‍സ്‌പെക്‌ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പരാതി സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കണം. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പരമാവധി വേഗത്തില്‍ ശിക്ഷ ലഭിക്കുന്നതിന് അതിവേഗ കോടതികളും പരിഗണിക്കും. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയില്‍ എല്ലാ ജില്ലയിലും ഒരു കോടതി ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി മാറ്റും.
പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറേയും നിയമിക്കും. ആരോഗ്യമേഖലയിലെ വിവിധ ജീവനക്കാരുടെ സംഘടനകള്‍ നല്‍കിയ ആവശ്യങ്ങളും പരിഗണിച്ചാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയിരിക്കുന്നത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതോടെ നിയമം നിലവില്‍ വന്നു. ഓര്‍ഡിനന്‍സ് പിന്നീട് ബില്ലായി നിയമസഭയില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.