തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനം അറിയിക്കാത്തതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അതൃപ്‌തി. മുഖ്യമന്ത്രി നേരിട്ടോ കത്ത് മുഖേനയോ വിദേശ സന്ദര്‍ശനങ്ങള്‍ സംബന്ധിച്ച് രാജ്ഭവനെ അറിയിക്കുകയാണ് പതിവ് രീതി. ഭരണത്തലവന്‍ എന്ന നിലയിലാണ് വിദേശ സന്ദര്‍ശനം സംബന്ധിച്ച് വിവരം അറിയിക്കുന്നത്.
എന്നാല്‍ ഇന്ന്(ഒക്‌ടോബര്‍ 4) മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും നിശ്ചയിച്ച വിദേശ യാത്ര സംബന്ധിച്ച ഒരു വിവരവും രാജ്ഭവനെ അറിയിച്ചില്ല. ഇന്നലെ കോടിയേരി ബാലകൃഷ്‌ണന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കണ്ണൂരിലെത്തിയപ്പോള്‍ മാത്രമാണ് ഗവര്‍ണറെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി തന്നെയാണ് ഗവര്‍ണറോട് വിവരം അറിയിച്ചത്. ഇതിലാണ് ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്‌തിയുള്ളത്.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ രൂക്ഷമായ പോര് തുടരുന്നതിനിടെയാണ് പുതിയ പരാതിയും രാജ്ഭവന്‍ ഉന്നയിക്കുന്നത്. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പ് സന്ദര്‍ശനത്തിനായി പുറപ്പെട്ടത്. നോര്‍വേയിലേക്കാണ് ആദ്യ യാത്ര. മന്ത്രിമാരായ പി.രാജീവും വി.അബ്‌ദുറഹിമാനും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ട്.
ആരോഗ്യമന്ത്രി വീണ ജോര്‍ജും തുടര്‍ ദിവസങ്ങളില്‍ സംഘത്തിനൊപ്പം ചേരും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശന ലക്ഷ്യം.