തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം മറികടക്കാന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ നിന്ന് വിട്ടു നിന്ന 13 ഇടത് സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കി. സര്‍വകലാശാല സെനറ്റിലെ 15 നോമിനേറ്റഡ് അംഗങ്ങളില്‍ നിന്നുള്ള 13 ഇടത് പ്രതിനിധികളെയാണ് പിരിച്ചുവിട്ടു കൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കിയത്.
സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ എന്ന നിലയില്‍ അവരില്‍ നിക്ഷിപ്‌തമായ ചുമതലകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ചാന്‍സലര്‍ എന്ന അധികാരമുപയോഗിച്ച് ഇവരുടെ അംഗത്വം റദ്ദാക്കുകയാണെന്നാണ് ഉത്തരവില്‍ ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. ഇതോടെ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നിയമയുദ്ധത്തിന് കളമൊരുങ്ങി.
കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ പുതിയ വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇതിനായി വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കുകയും ചെയ്‌തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ 11ന് വൈസ് ചാന്‍സലര്‍ സെനറ്റ് യോഗം വിളിച്ചെങ്കിലും യോഗത്തില്‍ നിന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ വിട്ടു നിന്നു.
ഇതോടെ ക്വാറം തികയാന്‍ ആവശ്യമായ 19 എന്ന അംഗസംഖ്യ തികഞ്ഞില്ല. ഇതേതുടര്‍ന്ന് യോഗം കൂടാനായില്ല. യു.ഡി.എഫിന്‍റെ 11 അംഗങ്ങളും വൈസ് ചാന്‍സലര്‍ ഡോ.വി.പി.മഹാദേവന്‍ പിള്ളയും ഗവര്‍ണറുടെ രണ്ട് പ്രതിനിധികളും മാത്രമാണ് യോഗത്തിനെത്തിയത്. യോഗം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും എല്‍.ഡി.എഫ് ആരോപിച്ചു.
തൊട്ടുപിന്നാലെയാണ് യോഗത്തില്‍ പങ്കെടുക്കാതെ മാറി നിന്ന 13 പേരെ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ജി.മുരളീധരന്‍ പിള്ള, ബി.ബാലചന്ദ്രന്‍, ഡോ.പി.അശോകന്‍, ഡോ.കെ.എസ്.ചന്ദ്രശേഖര്‍, ഡോ.കെ.ബിന്ദു, ഡോ. സി.എ.ഷൈല, ഡോ. ബിനുജി. ബീംനാഥ്, ആര്‍.എസ്.സുരേഷ്ബാബു, ടി.എസ്.യമുനാദേവി, ജി.കെ.ഹരികുമാര്‍, വി.അജയകുമാര്‍, ഷേയ്‌ക് പി.ഹാരിസ്, ജോയ് സുകുമാരന്‍, ജി.പത്മകുമാര്‍ എന്നീ സെനറ്റ് അംഗങ്ങളെയാണ് ഗവര്‍ണര്‍ പുറത്താക്കിയത്.