എറണാകുളം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ പരിഹസിച്ചു. താൻ ആരാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിക്കുന്നത്.
പിണറായി വിജയൻ ആരാണെന്ന് തനിക്കറിയാം. പിണറായി വിജയൻ പണ്ട് കണ്ണൂരിൽ കൊലക്കേസ് പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവ ഐപിഎസ് ഓഫിസർ തോക്കെടുത്തു. 15 മിനിറ്റിനുള്ളിൽ പിണറായി വിജയന് വീട്ടിൽ പോയി വസ്ത്രം മാറേണ്ടി വന്നുവെന്നും ഗവർണർ പറഞ്ഞു.
സർക്കാരിലെ ചിലർ രാജ് ഭവനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. സംസ്ഥാനം ഭരണഘടന തകർച്ചയിലേക്ക് നീങ്ങുകയാണ്. ഭരണഘടന സംവിധാനം തകർക്കാനാണ് ശ്രമം നടക്കുന്നത്. അത്തരത്തിൽ മുന്നോട്ട് പോകുന്നുവെങ്കിൽ പോകട്ടെയെന്നും ഗവർണർ പറഞ്ഞു.
ധനമന്ത്രിക്കെതിരെ നടപടി എടുക്കാത്തതിലും ഗവർണർ വിമർശനമുന്നയിച്ചു. ധനമന്ത്രിയുടെ വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്‌തിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് സർവകലാശാല വിസിമാർക്കെതിരായി താൻ നിലപാട് എടുത്തത്. പാർട്ടിയും മുഖ്യമന്ത്രിയും ഏതറ്റം വരെ പോകുമെന്ന് തനിക്ക് അറിയാമെന്നും ഗവർണർ പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി ഗവർണർ കൊച്ചിയിലുണ്ടായിരുന്നിട്ടും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇന്ന് രാവിലെ മാധ്യമങ്ങളെ കാണാമെന്നും പങ്കെടുക്കാൻ താല്‍പര്യമുള്ള മാധ്യമങ്ങൾ അറിയിക്കണമെന്നും രാജ് ഭവൻ ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടർന്ന് അനുമതി ലഭിച്ച് എത്തിയ മാധ്യമങ്ങളിൽ നിന്നാണ് കൈരളി, മീഡിയവൺ എന്നീ ചാനലുകളെ പുറത്താക്കിയത്. ഇതിൽ പ്രതിഷേധമറിയിച്ച മറ്റ് മാധ്യമ പ്രവർത്തകരോട് നിങ്ങൾക്ക് അജണ്ടയുണ്ടെന്നായിരുന്നു ഗവർണറുടെ പ്രതികരണം. വാർത്ത സമ്മേളനത്തിലുടനീളം പ്രകോപിതനായാണ് ഗവർണർ സംസാരിച്ചത്.