തിരുവനന്തപുരം: സർക്കാരിന്‍റെ സമ്മർദത്തിന് വഴങ്ങി പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവർണർ അനുമതി നൽകി. ഈ മാസം 31ന് രാവിലെ ഒമ്പത് മണി മുതൽ പത്ത് വരെയാണ് സഭ ചേരുക. കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമം തള്ളിക്കൊണ്ട് സർക്കാർ പ്രമേയം പാസാക്കും. ഈ മാസം 23ന് നിയമസഭ ചേരാൻ സർക്കാർ ഗവർണർക്ക് ശുപാർശ നൽകിയിരുന്നെങ്കിലും അടിയന്തര സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ തള്ളുകയായിരുന്നു. തുടർന്ന് മന്ത്രിമാർ ഉൾപ്പെടെ ഉള്ളവർ നടത്തിയ അനുരഞ്ജന ചർച്ചയിലാണ് ഗവർണർ 31ന് നിയമസഭ ചേരാൻ അനുമതി നൽകിയത്.
സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ, മന്ത്രിമാരായ എ.കെ ബാലൻ, വി.എസ് സുനിൽകുമാർ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ രാജ്ഭവനിലെത്തി ഗവർണറുമായി ചർച്ച നടത്തിയിരുന്നു. സഭ ചേരേണ്ട അടിയന്തര സാഹചര്യം വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് അനുകൂല നടപടി ഉണ്ടായത്. അതേസമയം പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് നിലപാട് വ്യക്തമാക്കിയിട്ടില്ല. രാജസ്ഥാൻ, പഞ്ചാബ്, ചത്തീസ്‌ഗഡ് സംസ്ഥാനങ്ങളിലേതിന് സമാനമായി ബദൽ നിയമം ഉണ്ടാകണമെന്ന നിർദേശമാണ് യുഡിഎഫ് നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്.