തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. ഇതോടനുബന്ധിച്ച് ഇത്തവണയും ഘോഷയാത്രയുണ്ടാകും. 60 ഓളം ഫ്ലോട്ടുകളാണ് ഇത്തവണ ഘോഷയാത്രയെ വര്‍ണ്ണാഭമാക്കാന്‍ എത്തുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ ഫ്ലോട്ടുകളും വിവിധ സേനാ വിഭാഗങ്ങളുടേതുമുണ്ടാകും. സമാപന ദിനമായ ഇന്ന് ഉച്ചക്ക് മൂന്ന് മണി കഴിഞ്ഞ് ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ് (Government's Onam week-long celebration).
മൂവായിരത്തോളം കലാകാരന്മാര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. തെയ്യം, കഥകളി, വേലകളി, പടയണി, പുലിക്കളി, നീലക്കാവടി, പൂക്കാവടി, ചിന്ത് കാവടി, അമ്മന്‍കുടം എന്നീ കലാരൂപങ്ങളും പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, ബാൻഡ്മേളം, പെരുമ്പറ മേളങ്ങൾ എന്നിവയും ഘോഷയാത്രയില്‍ താളവിസ്‌മയം തീര്‍ക്കാനായി എത്തുന്നുണ്ട്. ഇതിന് പുറമേ വേലകളി, ആലവട്ടം, വെൺചാമരം അടക്കമുള്ള ദൃശ്യരൂപങ്ങളും ഘോഷയാത്രയ്ക്ക് നിറം പകരും. വള്ളുവനാടന്‍ കലാരൂപങ്ങളായ പൊയ്ക്കാല്‍ കളി, ബൊമ്മളി, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തം വീശല്‍ തുടങ്ങിയവയും ഘോഷയാത്രയിലുണ്ടാകും.
ഒഡിഷ, രാജസ്ഥാന്‍, ഗുജറാത്ത്, അസം, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കലാകാരന്മാരുടെ സംഘങ്ങള്‍ പങ്കെടുക്കുന്ന ബോഡോ ഫോക്ക് ഡാന്‍സ്, ചാരി ഫോക്ക് ഡാന്‍സ്, ഡങ്കി, ബദായ് ഡാന്‍സ്, വീരഗേഡ് ഡാന്‍സ്, മയൂര്‍നാട്യ, ഡാസല്‍പുരി, ഫോക്ക് ഡാന്‍സ്, തപ്പു ഡാന്‍സ്, ലാവണി നൃത്തം എന്നിങ്ങനെയുള്ള കലാരൂപങ്ങളും ഘോഷയാത്രയിലുണ്ടാകും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഘോഷയാത്ര കാണുന്നതിനായി പബ്ലിക്ക് ലൈബ്രറിക്ക് മുന്നില്‍ വിവിഐപി പവലിയനും യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ വിഐപി പവലിയനും മ്യൂസിയം ഗേറ്റിന് മുന്നില്‍ പ്രത്യേക സ്റ്റേജും ഒരുക്കിയിട്ടുണ്ട്.
ഘോഷയാത്രയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങള്‍ : ഘോഷയാത്ര ആരംഭിക്കുന്ന കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട-ഈഞ്ചക്കല്‍ വരെയുള്ള പ്രധാന റോഡുകളിലും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു ചകിലം അറിയിച്ചു. കവടിയാര്‍ - വെള്ളയമ്പലം - മ്യൂസിയം - ആര്‍.ആര്‍ ലാമ്പ് - പാളയം - സ്‌പെന്‍സര്‍ - സ്റ്റാച്യു - ആയുര്‍വേദ കോളജ് - ഓവര്‍ ബ്രിഡ്‌ജ് - പഴവങ്ങാടി കിഴക്കേക്കോട്ട - വെട്ടിമുറിച്ച കോട്ട - മിത്രാനന്തപുരം പടിഞ്ഞാറേക്കോട്ട ഈഞ്ചയ്ക്കല്‍ വരെയുള്ള റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവാദമില്ല.
പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങളുടെ പാര്‍ക്കിങ് പാടില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. ഘോഷയാത്ര വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കല്‍ ബൈപ്പാസില്‍ പ്രവേശിക്കുന്ന സമയത്ത് ഈഞ്ചക്കല്‍ ഭാഗത്തുനിന്നും മിത്രാനന്ദപുരം ഭാഗത്തേക്കും അട്ടക്കുളങ്ങര ഭാഗത്തേക്കും ഗതാഗത നിയന്ത്രണമുണ്ടാകും. എംസി റോഡില്‍ നിന്നും തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മണ്ണന്തല നിന്നും തിരിഞ്ഞ് കുടപ്പനകുന്ന് പേരൂര്‍ക്കട - പൈപ്പിന്‍മൂട് - ശാസ്‌തമംഗലം - ഇടപ്പഴിഞ്ഞി - ജഗതി - തൈക്കാട് വഴിയോ, പരുത്തിപ്പാറ - മുട്ടട - അമ്പലമുക്ക് ഊളമ്പാറ - ശാസ്‌തമംഗലം വഴിയോ പോകേണ്ടതാണ്.
- ദേശീയപാതയില്‍ കഴക്കൂട്ടം ഭാഗത്തുനിന്നും ഉള്ളൂര്‍ വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ ഉള്ളൂര്‍ - മെഡിക്കല്‍ കോളജ് - കണ്ണമ്മൂല - പാറ്റൂര്‍ - വഞ്ചിയൂര്‍ തകരപ്പറമ്പ് ഫ്ലൈഓവര്‍ കിള്ളിപ്പാലം വഴി പോകണം.
- നെടുമങ്ങാട് നിന്നും വരുന്ന വാഹനങ്ങള്‍ പേരൂര്‍ക്കട - പൈപ്പിന്‍മൂട് ശാസ്‌തമംഗലം - ഇടപ്പഴിഞ്ഞി - എസ്.എം.സി - വഴുതക്കാട് - തൈക്കാട് വഴിയും, പേരൂര്‍ക്കട - പൈപ്പിന്‍ മൂട് - ശാസ്‌തമംഗലം - ഇടപ്പഴിഞ്ഞി ജഗതി - മേട്ടുക്കട വഴിയും പോകാവുന്നതാണ്.
- പേട്ട ഭാഗത്തുനിന്നും തമ്പാനൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വഞ്ചിയൂര്‍-ഉപ്പിടാംമൂട്-തകരപറമ്പ് ഫ്ലൈഓവര്‍ കിള്ളിപ്പാലം വഴി പോകണം.
- തിരുവല്ലം ഭാഗത്തുനിന്നും തമ്പാനൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അട്ടക്കുളങ്ങര - കിള്ളിപ്പാലം - ചൂരക്കാട്ടുപാളയം വഴി പോകണം.
- തമ്പാനൂര്‍,കിഴക്കേകോട്ട ഭാഗത്തുനിന്നും എം.സി റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ വഴുതക്കാട് എസ്.എം.സി - ഇടപ്പഴിഞ്ഞി - ശാസ്തമംഗലം - പൈപ്പിന്‍മൂട് - പേരൂര്‍ക്കട-കുടപ്പനകുന്ന് - മണ്ണന്തല വഴിയാണ് പോകേണ്ടത്.
- തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗത്തുനിന്നും ഉള്ളൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കിള്ളിപ്പാലം-ചൂരക്കാട്ട് പാളയം തകരപറമ്പ് ഫ്ലൈഓവര്‍ കിടാട്-വഞ്ചിയൂര്‍-പാറ്റൂര്‍-പള്ളിമുക്ക് കുമാരപുരം മെഡിക്കല്‍ കോളജ് വഴി പോകണം.
- കിഴക്കേക്കോട്ട ഭാഗത്തുനിന്നും നെടുമങ്ങാടേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര - കിള്ളിപ്പാലം - തമ്പാനൂര്‍ ഫ്ലൈഓവര്‍ - വഴുതക്കാട് - എസ്.എം.സി - ഇടപ്പഴിഞ്ഞി - ശാസ്തമംഗലം - പൈപ്പിന്‍മൂട് പേരൂര്‍ക്കട വഴി പോകണം.
- തമ്പാനൂര്‍ ഭാഗത്തുനിന്നും തിരുവല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍ ഫ്ലൈഓവര്‍ - കിള്ളിപ്പാലം അട്ടക്കുളങ്ങര - മണക്കാട് അമ്പലത്തറ വഴിയാണ് പോകേണ്ടത്.