തിരുവനന്തപുരം : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അടക്കമുള്ള മുസ്ലിം സംഘടനകൾ ഉയർത്തിയ ശക്തമായ എതിർപ്പിനൊടുവിൽ വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറുന്നു. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി റദ്ദാക്കാൻ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
വിഷയം സർക്കാർ രഹസ്യമായി എടുത്തതല്ല. നിയമസഭ ചർച്ച ചെയ്‌ത് പാസാക്കിയതാണ്. അന്ന് ഈ ബില്ല് ചർച്ചയ്ക്ക് വന്നപ്പോൾ നിയമനം പിഎസ്‌സിക്ക് വിടുന്നതിനെ ലീഗ് അംഗങ്ങൾ എതിർത്തില്ല. അവിടെ താൽക്കാലികമായി ജോലി ചെയ്യുന്നവരുടെ ജോലി സ്ഥിരതാപ്രശ്‌നം മാത്രമാണ് ലീഗ് അന്ന് ഉന്നയിച്ചത്. എന്നാൽ, പിന്നീടാണ് ലീഗും മറ്റ് സംഘടനകളും ഇതൊരു പൊതുപ്രശ്‌നമായി ഉന്നയിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിയമനങ്ങൾ പിഎസ്‌സിക്ക് വിടണമെന്ന് ശിപാർശ ചെയ്‌തത് വഖഫ് ബോർഡ് യോഗമാണ്. പിഎസ്‌സിക്ക് വിടാനുള്ള തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. നിയമനം പിഎസ്‌സിക്ക് വിട്ടത് പിൻവലിക്കാൻ നിയമഭേദഗതി കൊണ്ടുവരും. നിയമനം എങ്ങനെ വേണമെന്ന് ഭേദഗതിയിൽ തീരുമാനിക്കും. മുസ്ലിം സംഘടനകൾക്ക് നൽകിയ ഉറപ്പ് പാലിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.