തിരുവനന്തപുരം: ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിന് 2007ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കാപ്പ നിയമത്തില്‍ പൊലീസിന് അമിതാധികാരം നല്‍കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം വിവാദമാകുന്നു. ആർക്കെതിരെയും കാപ്പ ചുമത്താൻ പൊലീസിന് അധികാരം നൽകുന്നത് ശരിയല്ലെന്നും ഇതിനെ ശക്‌തമായി എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ അന്യായമായി തടങ്കലില്‍ വയ്ക്കാന്‍ അധികാരം നല്‍കുന്നതാണ് പുതിയ വ്യവസ്ഥകളെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഈ വര്‍ഷം 734 കാപ്പ അറസ്റ്റുകള്‍ക്ക് അനുമതി തേടിയതില്‍ 245 എണ്ണം മാത്രമാണ് കലക്‌ടര്‍മാര്‍ അനുമതി നല്‍കിയത്. ഇതു കാരണം അറസ്റ്റുകള്‍ വൈകുന്നുവെന്ന് ജില്ലാ പൊലീസ് മേധാവികള്‍ ഡിജിപിയെ അറിയിച്ചിരുന്നു. ഇതിന്‍റെ മറപിടിച്ചാണ് ഇപ്പോള്‍ പൊലീസിന് അധികാരം നല്‍കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുന്നതെന്നാണ് ആരോപണം.
പരാതിക്കാര്‍ ഇല്ലാതെ എടുക്കുന്ന കേസില്‍ പോലും കാപ്പ ചുമത്താന്‍ പൊലീസിന് അധികാരം നല്‍കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ നവംബര്‍ 22ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വേണുവിന്‍റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ഡോ.വേണുവിന് പുറമേ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, ജില്ല കലക്‌ടര്‍മാര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചിരുന്നു.
ഈ യോഗത്തിന്‍റെ മിനിട്‌സ് പുറത്തായതോടെയാണ് വിവാദ തീരുമാനം ചര്‍ച്ചയായത്. ജില്ല കലക്‌ടര്‍മാര്‍ അധ്യക്ഷനായ സമിതിയാണ് നിലവില്‍ കാപ്പ അറസ്റ്റിന് അനുമതി നല്‍കുന്നത്. പരാതിക്കാര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള ശുപാര്‍ശ ജില്ല പൊലീസ് മേധാവിമാര്‍ ജില്ല കലക്‌ടര്‍മാര്‍ക്ക് സമര്‍പ്പിക്കുകയാണ് വേണ്ടത്.
കലക്‌ടര്‍മാര്‍ അറസ്റ്റിന് അനുമതി നല്‍കിയാല്‍ മാത്രമേ കാപ്പ നിയമപ്രകാരം ഒരാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കഴിയൂ എന്ന വ്യവസ്ഥയാണ് നീക്കുന്നത്. പൊലീസ് സ്വമേധയാ എടുക്കുന്ന കേസുകളില്‍ ഇനി മുതല്‍ കാപ്പ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇനി പൊലീസിന് അധികാരമുണ്ടാകും.
പൊലീസ് ചുമത്തുന്ന രാഷ്ട്രീയ കേസുകളിലും ഗുരുതര സ്വഭാവമുണ്ടെങ്കില്‍ കാപ്പ ചുമത്താം എന്ന വിവാദ വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യ വ്യവസ്ഥയ്ക്ക് വിരുദ്ധമായി പ്രതി പ്രവര്‍ത്തിച്ചാല്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി കോടതിയുടെ തീരുമാനത്തിനു കാത്തു നില്‍ക്കാതെ പൊലീസിന് നടപടിയെടുക്കാനും പുതുതായി വ്യവസ്ഥയുണ്ട്.