തിരുവനന്തപുരം: ഡിജിറ്റൽ പഠനത്തിന് ശേഷിയില്ലാത്ത കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ്പ് നൽകാൻ പ്രഖ്യാപിച്ച വിദ്യാകിരണം പദ്ധതി അനിശ്ചിതത്വത്തിൽ. പദ്ധതിയുടെ ടെൻഡർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം യോഗം റദ്ദാക്കി.
കമ്പനികൾ കൂടുതൽ തുക ആവശ്യപ്പെട്ടതാണ് ടെൻഡർ റദ്ദാക്കാൻ കാരണം. പുതിയ ടെൻഡർ വിളിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കുമെന്നിരിക്കെ ഈ അധ്യയന വർഷം കുട്ടികൾക്ക് ലാപ്ടോപ്പ് കിട്ടാനുള്ള സാധ്യത കുറഞ്ഞു.
നാലേമുക്കാൽ ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ജനകീയ പങ്കാളിത്തത്തോടെ ഒന്നേകാൽ ലക്ഷം കുട്ടികൾക്ക് മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ നൽകിയിരുന്നു.
ബാക്കിയുള്ള കുട്ടികൾക്ക് ലാപ്ടോപ്പ്, ടാബ്‌ലറ്റ് എന്നിവ വാങ്ങാനാണ് വിദ്യാകിരണം പദ്ധതി വഴി ടെൻഡർ വിളിച്ചത്. എച്ച്പി, ഏസർ, സാംസങ് ഉൾപ്പെടെയുള്ള കമ്പനികൾ ടെൻഡറിൽ പങ്കെടുത്തിരുന്നു. എന്നാൽ സർക്കാർ നിശ്ചയിച്ച തുക അംഗീകരിക്കാൻ കമ്പനികൾ തയ്യാറായിരുന്നില്ല. ശരാശരി 30,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ മുന്നോട്ടു വച്ചത് പരമാവധി 20,000 രൂപ വരെയും.
also read: 'ജാമ്യം സര്‍ക്കാരിനേറ്റ തിരിച്ചടി' ; താഹ ഫസല്‍ ജയിൽ മോചിതനായി
അതേസമയം വില കുറയ്ക്കാൻ വേണ്ടി പദ്ധതി റീടെൻഡർ ചെയ്യുകയാണ് ഉണ്ടായതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാത്ത എല്ലാ കുട്ടികൾക്കും പഠന സൗകര്യം ഏർപ്പെടുത്തുമെന്നും മന്ത്രി ഉറപ്പുനൽകി.