തിരുവനന്തപുരം: സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നിലയ്ക്ക് നിര്‍ത്താനുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത് മൂന്നാം ദിവസമായിട്ടും ഓര്‍ഡിനന്‍സ് ഇതുവരെ രാജ്ഭവനിലേക്ക് അയയ്ക്കാതെ സര്‍ക്കാര്‍. ഇന്നലെ അയയ്ക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞെങ്കിലും ഓര്‍ഡിനന്‍സ് ഇതുവരെ എത്തിയിട്ടില്ലെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഓര്‍ഡിനന്‍സ് എത്തട്ടെ അപ്പോള്‍ നോക്കാമെന്ന നിലപാടിലാണ് രാജ്ഭവന്‍. അതേ സമയം എല്ലാ പഴുതുമടച്ച് നിയമ വിദഗ്‌ധരുമായി കൂടുതല്‍ കൂടിയാലോചനകള്‍ നടത്തി തയാറാക്കുന്നതിനാലാണ് ഓര്‍ഡിനന്‍സ് വൈകുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മതിയായ കാരണമില്ലാതെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പിടിച്ചു വയ്ക്കുന്നതോ തിരിച്ചയയ്ക്കുന്നതോ ഒഴിവാക്കുക കൂടിയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഏതായാലും തന്നെ ചാന്‍സിലര്‍ സ്ഥാനത്തു നിന്നു നീക്കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന നിലപാടില്‍ തന്നെയാണ് ഗവര്‍ണര്‍. ആദ്യം അനധികൃത നിയമനങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കൂ എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി കഴിഞ്ഞു. അതിനിടെ കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കി സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കിയത് ഗവര്‍ണര്‍ക്കുള്ള ഏറ്റവും ശക്തമായ പ്രഹരമായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
ഇതു സംബന്ധിച്ച് രാജ്ഭവന്‍ ഇതുവരെ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. സര്‍ക്കാരിന്‍റെ അടുത്ത നീക്കം എന്താണെന്ന് നോക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് രാജ്ഭവന്‍ ആലോചിക്കുന്നത്. പരസ്‌പരം വാളോങ്ങി നില്‍ക്കുന്ന ഗവര്‍ണറും സര്‍ക്കാരും അടുത്തതായി നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങളിലാണ് ഇനി സസ്‌പെന്‍സ്.