തിരുവനന്തപുരം: യുപി സ്‌കൂള്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിന് കൂപ്പണ്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഉച്ചഭക്ഷണത്തിന് അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും സ്‌കൂള്‍ തുറന്നില്ലെങ്കിലും ഭക്ഷ്യഭദ്രത അലവന്‍സ് അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.
പ്രീ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 300 രൂപയുടേയും യുപി വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുടേതുമാണ് കൂപ്പണ്‍. ഇതുപയോഗിച്ച് സപ്ളൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാം. സ്‌കൂള്‍ തുറക്കാത്തതിനാല്‍ ഭക്ഷ്യധാന്യങ്ങള്‍ സപ്ളൈകോ വഴി വിതരണം ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് കിറ്റിനൊപ്പം വിദ്യാര്‍ഥികള്‍ക്കുള്ള കിറ്റും വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് സപ്ളൈകോ പൊതുവിദ്യാഭ്യാസ ഡയറക്‌ടറെ അറിയിക്കുകയായിരുന്നു.
സ്‌കൂളില്‍ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്‍റെ അളവും പാചക ചെലവിനുള്ള തുകയും കൂപ്പണില്‍ രേഖപ്പെടുത്തും. കൂപ്പണ്‍ രക്ഷിതാക്കള്‍ക്ക് സപ്ളൈകോ ഔട്ട്‌ലെറ്റില്‍ നല്‍കാം. കൂപ്പണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് റേഷന്‍ കാര്‍ഡിന്‍റെ നമ്പറും രേഖപ്പെടുത്തും. ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ കൂപ്പണ്‍ നമ്പര്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.