തിരുവനന്തപുരം : കെ റെയിൽ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറിയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇത്തരം പ്രചരണങ്ങൾ മാധ്യമ സൃഷ്ടി മാത്രമാണ്. കേന്ദ്രാനുമതി ഇല്ലെങ്കിൽ പദ്ധതി നടപ്പാക്കാനാകില്ല. റെയിൽവേയുമായുള്ള ജോയിന്‍റ് വെഞ്ച്വറാണ് കെ റെയിൽ.
റെയിൽവേ പദ്ധതിയായതിനാൽ കേന്ദ്രാനുമതി ആവശ്യമാണ്. ഇത് തന്നെയാണ് മുഖ്യമന്ത്രിയും പറഞ്ഞത്. പദ്ധതി സംബന്ധിച്ച സാമൂഹ്യ ആഘാത പഠനം മുന്നോട്ടുപോകുന്നുണ്ട്. കെ റെയിലിന്‍റെ കോട്ടങ്ങൾ മാത്രമാണ് പ്രചരിപ്പിക്കുന്നത്. പദ്ധതിക്ക് പോസിറ്റീവ് വശങ്ങൾ കൂടിയുണ്ട്. അതുകൂടി എല്ലാവരും പരിഗണിക്കണമെന്നും പി രാജീവ് പറഞ്ഞു.
നിയമസഭ ചേരുമ്പോൾ ആശങ്കയില്ല. നേരത്തെയുള്ള അതേ നമ്പറിൽ തന്നെയാണ് ഭരണപക്ഷവും പ്രതിപക്ഷവും ഇപ്പോഴുമുള്ളത്. തൃക്കാക്കരയിൽ ജയിക്കുമെന്ന പ്രതീതിയുണ്ടാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. ഇടത് വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാൻ ഇനിയും ശ്രമിക്കും.
അതിന് അനുയോജ്യമായ രീതിയില്‍ സ്ഥാനാർഥിനിര്‍ണയം നടത്തും. തക്കതായ പ്രചാരണവും സംഘടിപ്പിക്കും. ഇത്തരം പ്രവര്‍ത്തന രീതികളിലൂടെ പലയിടത്തും ഇടതുമുന്നണി വിജയിച്ചിട്ടുണ്ട്. മണ്ഡലം യുഡിഎഫ് ശക്തികേന്ദ്രമാണെന്ന വിലയിരുത്തൽ എൽ ഡി എഫിന് നേരത്തേ തന്നെയുണ്ടായിരുന്നതായും മന്ത്രി പറഞ്ഞു.