തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്ന് മുതൽ. 17 ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി.തിലോത്തമൻ അറിയിച്ചു. ട്രൈബൽ വിഭാഗത്തിനാണ് തുടക്കത്തില്‍ കിറ്റ് വിതരണം ചെയ്യുന്നത്. അതിനുശേഷം മറ്റുള്ള എഎവൈ വിഭാഗത്തിന് വിതരണം ചെയ്യും.
റേഷൻ കടകൾ വഴിയാണ് വിതരണം. കിറ്റ് പോർട്ടബിലിറ്റി സൗകര്യം ലഭ്യമല്ല. സ്വന്തം കാർഡുള്ള റേഷൻകടയിലെത്തിയാൽ മാത്രമേ കിറ്റുകൾ കാർഡുടമക്ക് കൈപ്പറ്റാനാകൂ. ഇതിനായി പെസഹ വ്യാഴാഴ്‌ചയാണെങ്കിലും ഇന്ന് റേഷൻ കടകൾ തുറന്നുപ്രവർത്തിക്കും. 5.95 ലക്ഷം വരുന്ന എഎവൈ കിറ്റുകളും വിതരണം ചെയ്‌തതിന് ശേഷം 31 ലക്ഷം മുൻഗണന (പിങ്ക് കാർഡ്) കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്യും. അതിനുശേഷം നീല, വെള്ള കാർഡുകൾക്ക് വിതരണം നടക്കും.