തിരുവനന്തപുരം : ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ സമരം ശക്തമാക്കുന്നു. നവംബര്‍ ഒന്നുമുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഡോക്ടര്‍മാര്‍ നില്‍പ്പ്സമരം ആരംഭിക്കും.
കൊവിഡ് കാലത്ത് വിശ്രമമില്ലാതെ അധിക ജോലി ചെയ്താണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൊവിഡിനോടൊപ്പം കൊവിഡേതര ചികിത്സയും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.
കടുത്ത മാനസിക സമ്മര്‍ദത്തിനിടയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ന്യായമായും ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ലെന്ന് മാത്രമല്ല, ശമ്പള പരിഷ്‌കരണം വന്നപ്പോള്‍ ആനുപാതിക വര്‍ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല ആനുകൂല്യങ്ങളും നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കെജിഎംഒഎ ആരോപിച്ചു.
ALSO READ: പന്തീരങ്കാവ് യു.എ.പി.എ: 'പൊലീസ് കേന്ദ്രസര്‍ക്കാരിന് അനുകൂലമായി'; വിമര്‍ശനവുമായി കാനം
എന്‍ട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും പേഴ്‌സണല്‍ പേ നിര്‍ത്തലാക്കിയതും റേഷ്യോ പ്രമോഷന്‍ എടുത്തുകളഞ്ഞതും മൂന്നാം ഹയര്‍ഗ്രേഡ് അനുവദിക്കാത്തതും ഡോക്ടര്‍മാർക്കെതിരായ അവഗണനയാണ്.
ആത്മാര്‍ഥമായി ജോലി ചെയ്യുന്ന വിഭാഗത്തെ അപമാനിക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യം പല തവണ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും യാതൊരു വിധ പരിഗണനയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നതെന്നും സംഘടന വിശദീകരിക്കുന്നു.
നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന നില്‍പ്പ് സമരത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ ഡിഎംഒ - ഡിഎച്ച്എസ് ഓഫിസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ പങ്കെടുക്കും. നവംബര്‍ 16ന് ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കും. ഇതേ ആവശ്യമുന്നയിച്ച് കെജിഎംഒഎയുടെ നേതൃത്വത്തില്‍ ദിവസങ്ങളായി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
രോഗീപരിചരണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത സമര രീതിയാണ് ഇതുവരേയും തുടര്‍ന്ന് വന്നിരുന്നത്. ട്രെയിനിങ്ങുകള്‍, മീറ്റിംഗുകള്‍, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളില്‍ നിന്ന് വിട്ടുനിന്നുകൊണ്ടാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്.
ഇതോടൊപ്പം ഗാന്ധിജയന്തി ദിവസം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരവും നടത്തി. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കുന്നത്.