തിരുവനന്തപുരം : ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങളിലെ ആളുകളുടെ പട്ടിക തയ്യാറാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കാലവർഷ മുന്നൊരുക്ക യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം. വില്ലേജ് ഓഫിസർ, പൊലീസ്, ഫയർ ഫോഴ്‌സ്, ജില്ല ദുരന്തനിവാരണ അതോറിറ്റി എന്നിവയ്ക്ക് പട്ടിക കൈമാറണം. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ച് ആളുകളെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
സിവിൽ ഡിഫൻസ് സന്നദ്ധ സേന മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം. രാഷ്ട്രീയ പശ്ചാത്തലം വെളിപ്പെടുത്തുന്ന മുദ്രകളുമായി സന്നദ്ധ പ്രവർത്തനത്തിന് വരാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മഴ മുന്നൊരുക്കങ്ങൾ; ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. ക്യാമ്പുകൾ ആയി തിരഞ്ഞെടുത്ത കെട്ടിടങ്ങളും അങ്ങോട്ടുള്ള സുരക്ഷിത വഴികളും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം. മഴ ശക്തമായ സാഹചര്യത്തിൽ മുന്നൊരുക്കം ദ്രുതഗതിയിൽ പൂർത്തീകരിക്കാനാണ് നിർദേശം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കൺട്രോൾ റൂമുകൾ ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കണം.
Also read: സംസ്ഥാനത്ത് ശനിയാഴ്‌ച വരെ കനത്ത മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കൺട്രോൾ റൂമിലെ ടെലിഫോൺ നമ്പറുകൾ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക് ജില്ലാതല ദുരന്തനിവാരണ കൺട്രോൾ റൂമുകളുമായി ചേർന്നുവേണം തദ്ദേശ സ്ഥാപന കൺട്രോൾ റൂമുകളുടെ പ്രവർത്തനം. മഴക്കാലപൂർവ ശുചീകരണം മെയ് 22 മുതൽ 29 വരെ നടത്തും. പരിപാടി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം. വീടുകളിലും ഓഫിസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു.
പ്രധാന നിർദേശങ്ങൾ; 1. എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ മഴക്കാല മുന്നൊരുക്ക യോഗം ചേരണം. വകുപ്പ് മേധാവികളും തദ്ദേശ സ്ഥാപന മേധാവികളും യോഗത്തിൽ പങ്കെടുക്കണം. ദുരന്ത സാധ്യത മുൻകൂട്ടി കണ്ട് വകുപ്പുകളുടെ ഏകീകരണത്തിലൂടെ ദുരന്ത ലഘൂകരണത്തിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനാണിത്.
2. അപകടസാധ്യതയുള്ള മരച്ചില്ലകൾ വെട്ടിമാറ്റുന്ന പ്രവൃത്തികൾ തദ്ദേശസ്ഥാപനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കണം.
3. പൊലീസ്, ഫയർഫോഴ്‌സ് എന്നീ സേനകൾ അവരുടെ പക്കലുള്ള ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത മുൻകൂട്ടി ഉറപ്പുവരുത്തണം. മറ്റ് വകുപ്പുകളിൽ നിന്നും സംഘടനകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും ഉപകരണങ്ങൾ സ്വീകരിക്കാം.
4. വെള്ളപ്പൊക്ക, മണ്ണൊലിപ്പ് സാധ്യതാപ്രദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വള്ളം, തോണി തുടങ്ങിയവ ആവശ്യാനുസരണം ഒരുക്കിവയ്ക്കണം.
5. പുഴകളിലെ മണലും എക്കലും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം. പുഴകളിലെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികൾ ജലസേചനവകുപ്പ് പൂർത്തിയാക്കിയെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റികൾ പരിശോധിച്ച് ഉറപ്പുവരുത്തണം.
6. മുഴുവൻ ഓടകളും വൃത്തിയാക്കണം. അവയിലെ മണലും ചെളിയും ഓടകളോട് ചേർന്നുതന്നെ നിക്ഷേപിക്കരുത്. ഇവ നിക്ഷേപിക്കാനുള്ള സൗകര്യം തദ്ദേശസ്ഥാപനങ്ങൾ പ്രാദേശികമായി തയ്യാറാക്കണം.