തിരുവനന്തപുരം: സർക്കാർ കോളജുകളിലെ നിലവിലെ ഒഴിവുകളിലേക്ക് പ്രിൻസിപ്പാൾമാരെ താൽക്കാലികമായി നിയമിച്ച് ഉത്തരവിറങ്ങി. കേരള അഡ്‌മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ (Kerala Administrative Tribunal) ഉത്തരവ് പ്രകാരം, സെലക്ഷൻ കമ്മിറ്റി ആദ്യം തെരഞ്ഞെടുത്ത 43 പേരിൽ വിരമിച്ച അഞ്ച് പേരും നിയമനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട രണ്ട് പേരും ഒഴികെ 36 പേർക്കാണ് താൽക്കാലിക നിയമനം നൽകിയത്. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു താൽക്കാലിക ഉത്തരവിറക്കിയത്.
നിയമനം താൽക്കാലികമാകണമെന്നും നിലവിൽ നിയമനം ലഭിച്ചവരെയടക്കം മുഴുവൻ അപേക്ഷകരേയും ഉൾപ്പെടുത്തി തുടർന്നുള്ള നിയമന പ്രക്രിയ നടത്തണമെന്ന് അഡ്‌മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ നിർദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിയമനങ്ങൾ. ഇപ്പോൾ നിയമനം ലഭിച്ചവർ തുടർന്നുള്ള പ്രിന്‍സിപ്പാള്‍ നിയമന പ്രക്രിയയില്‍ വീണ്ടും പങ്കെടുക്കേണ്ടിവരും. മുഴുവൻ തസ്‌തികകളിലേക്കുമുള്ള പ്രിൻസിപ്പാൾ നിയമനത്തിന് നടപടിക്രമങ്ങൾ എത്രയും വേഗം ആരംഭിക്കുമെന്നും ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ബിന്ദു വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പാൾ നിയമനം വൈകുന്നതിനെതിരെ കോടതി കടുത്ത വിമർശനം പ്രകടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പ്രിൻസിപ്പാൾ നിയമനത്തിൽ മന്ത്രി ഇടപെട്ടുവെന്ന് ആരോപണവും പുറത്തുവന്നത്. സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തവരെ താൽക്കാലിക പ്രിൻസിപ്പാൾമാരായി നിയമിക്കണമെന്നും 24-ാം തീയതിക്കുള്ളിൽ നിയമന ഉത്തരവ് നൽകണം എന്ന ട്രിബ്യുണലിന്‍റെ വിധി ഉന്നതവിദ്യാഭ്യാസ മന്ത്രി സ്വാഗതം ചെയ്‌തിരുന്നു.
എന്നാൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ട്രിബ്യൂണൽ മുന്നോട്ടുവെച്ച രണ്ടാഴ്‌ച കാലാവധി നീട്ടണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇതിനെയും ട്രിബ്യൂണൽ വിമർശിച്ചിരുന്നു. തുടർന്നാണ് ഇന്നലെ താൽക്കാലിക നിയമന ഉത്തരവിറക്കിയത്.
അഡ്‌മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ ഉത്തരവ്; സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരെയും രണ്ട് ആഴ്‌ചയ്‌ക്കുള്ളിൽ താൽക്കാലികമായി നിയമിക്കാനായിരുന്നു ഉത്തരവ്. സർക്കാർ പുറത്തുവിട്ട പട്ടികയില്‍ 77 ഒഴിവുകളാണ് ഉണ്ടായിരുന്നത്. ആകെയുള്ള ഒഴിവുകളിലേക്ക് ബാക്കിവരുന്ന 23 പേരുടെ ലിസ്‌റ്റില്‍ യുജിസി നിബന്ധനകൾ പാലിച്ചുകൊണ്ട് പൂർത്തിയാക്കുകയും വേണമെന്നും ഉത്തരവുണ്ടായിരുന്നു. 2023 ജനുവരിയിൽ പ്രസിദ്ധീകരിച്ച പ്രിൻസിപ്പാള്‍ നിയമന പട്ടികയിലുള്ള ഏഴ് പേർ നിയമനം ലഭിക്കുന്നതിനായി നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
പ്രിൻസിപ്പാള്‍ നിയമന വിവാദം: സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പാള്‍ നിയമനത്തിനായി യുജിസി റെഗുലേഷൻ (UGC Regulation) പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി മുമ്പ് 43 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഈ പട്ടിക ഡിപ്പാർട്ട്‌മെന്‍റൽ പ്രൊമോഷൻ കമ്മിറ്റി (Departmental Promotion Committee) അംഗീകരിക്കുകയും നിയമനത്തിന് കോളജ് വിദ്യാഭ്യാസ ഡയറക്‌ടർ ശുപാർശയും ചെയ്യുകയുമുണ്ടായി.
എന്നാല്‍ ഈ പട്ടികയിൽ തിരുത്തൽ വരുത്തുന്നതിനായി മന്ത്രി ഇടപെട്ടുവെന്നായിരുന്നു വിവരാവകാശ രേഖകൾ വ്യക്‌തമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ആരോപണം ഉയര്‍ന്നത്. ഈ രേഖകൾ ഹാജരാക്കിക്കൊണ്ടായിരുന്നു പരാതിക്കാർ ഹർജി സമർപ്പിച്ചത്.