തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം ഉൾപ്പടെ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്‌താവനയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചത്. തീപിടിത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത ക്രിമിനൽ കേസ് പൊലീസിന്‍റെ സ്പെഷ്യൽ ടീം അന്വേഷിക്കും.
പ്ലാന്‍റിന്‍റെ തുടക്കം മുതലുള്ള മുഴുവന്‍ നടപടികളും സംബന്ധിച്ച് ഒരു വിജിലൻസ് അന്വേഷണവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തീപിടിത്തത്തിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ചും മാലിന്യ സംസ്‌കരണം പ്രവർത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങൾ ഭാവിയിൽ ഒഴിവാക്കാനും കഴിയുന്ന നിർദേശങ്ങൾ സമർപ്പിക്കാനും വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരത്തിൽ സമഗ്രമായ അന്വേഷണമാണ് മുഖ്യമന്ത്രി സഭയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ടേംസ് ഓഫ് റഫറൻസിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും വിദഗ്‌ധ സമിതി അന്വേഷണം നടത്തുക.
ടേംസ് ഓഫ് റഫറൻസ് ഇങ്ങനെ:
- തീപിടിത്തത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തെല്ലാം?
- ഭാവിയിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ നടപ്പിലാക്കേണ്ട നടപടികൾ എന്തെല്ലാം?
- ഖര മാലിന്യ സംസ്‌കരണ കേന്ദ്രം എന്ന നിലയിൽ നിലവിലെ സ്ഥലം എത്രത്തോളം അനുയോജ്യമാണ്?
- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ നിരീക്ഷണങ്ങളും നിർദേശങ്ങളും എത്രത്തോളം പാലിക്കപ്പെട്ടിട്ടുണ്ട്?
- നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്‍റെ ഉത്തരവാദികൾ ആരൊക്കെയാണ്?
- വിൻഡോ കമ്പോസ്റ്റിങ് നടപ്പിലാക്കാൻ ഏർപ്പെടുത്തിയ ഉടമ്പടിയിൽ പിഴവുകൾ ഉണ്ടായിരുന്നോ?
- കൊച്ചി കോർപറേഷൻ ബ്രഹ്മപുരത്തെ പ്രവർത്തി കൃത്യമായി നിരീക്ഷിച്ചിരുന്നോ? അതിന്‍റെ ഉത്തരവാദിത്വം ആർക്കായിരുന്നു? പ്രവർത്തിയിൽ ന്യൂനതകൾ ചൂണ്ടിക്കാണിച്ചിരുന്നോ?
- പ്രവർത്തിയിൽ ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിക്കുന്നതിന് കരാറുകാർ സ്വീകരിച്ച നടപടികൾ എന്തെല്ലാം?
- കൊച്ചി കോർപറേഷനിലെ ഖര മാലിന്യം സംസ്‌കരിക്കാനും സംഭരിക്കാനും ഉദ്ദേശിച്ച സ്ഥലത്ത് മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യം കൂടി വരാനുള്ള കാരണമെന്ത്?
- നിലവിൽ സ്ഥാപിച്ചിട്ടുള്ള വിൻഡോ കമ്പോസ്റ്റിങ് പ്ലാന്‍റിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്ന ഘടകങ്ങൾ എന്തെല്ലാം
- വിൻഡോ കമ്പോസ്റ്റിങ് പ്ലാന്‍റിന്‍റെ ശോചനീയ അവസ്ഥയ്ക്കും നടത്തിപ്പിലെ വീഴ്‌ചകൾക്കും ഉത്തരവാദികൾ ആരെല്ലാം?
- മുൻകാല മാലിന്യം കൈകാര്യം ചെയ്യാൻ എടുത്ത നടപടികളുടെ വിശകലനവും കാലതാമസത്തിനുള്ള കാരണങ്ങളും ?
- ബയോറമെഡിയേഷൻ പ്രക്രിയ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കരാർ പ്രകാരം കോർപറേഷന്‍റെയും കരാറുകാരുടെയും ചുമതലകൾ അതത് കക്ഷികൾ എത്രത്തോളം പാലിച്ചിരുന്നു?
- കൊച്ചി കോർപറേഷൻ പരിധിക്കുള്ളിൽ ജൈവ അജൈവ മാലിന്യ ശേഖരണത്തിന് അവ സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം എന്തായിരുന്നു? കരാറുകാരുടെ പ്രവർത്തനം വിലയിരുത്തിയത് എങ്ങനെയായിരുന്നു? തരം തിരിക്കാതെ മാലിന്യം ശേഖരിക്കുന്നതിനും ബ്രഹ്മപുരത്ത് നിക്ഷേപിക്കുന്നതിനും തീരുമാനിക്കാനുള്ള കാരണം എന്തായിരുന്നു. കരാറുകാരുടെ പ്രവർത്തനം വിലയിരുത്തിയത് എങ്ങനെയായിരുന്നു?
15.വലിയതോതില്‍ ഖരമാലിന്യം ഉണ്ടാകുന്ന കേന്ദ്രങ്ങളിൽ ഉറവിടമാലിന്യ സംസ്‌കരണം ഉറപ്പാക്കാൻ എത്രത്തോളം സാധിച്ചിട്ടുണ്ട്.
ഇത്രയും വിഷയങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കില്ല: ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ ദുരന്ത നിവാരണ നിയമപ്രകാരം എംപവേർഡ് കമ്മിറ്റി രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണം ഉറപ്പ് വരുത്തുന്നതിനും അതിനായി തയ്യാറാക്കിയിട്ടുള്ള സമഗ്ര കർമ്മ പരിപാടികൾ സമയബന്ധിതമായി നടപ്പിലാക്കാനും ഈ കമ്മിറ്റിയെ ചുമതലപ്പെടുത്തും.
കൊച്ചിയിലെ പ്രവർത്തനങ്ങൾ പ്രത്യേകമായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ദൈനംദിനം വിലയിരുത്തും. ഇതിന് പുറമേ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വ്യവസായ മന്ത്രിയും ആഴ്‌ച തോറും അവലോകനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുഴുവനായും യുദ്ധകാല അടിസ്ഥാനത്തിലും വിട്ടുവീഴ്‌ചയില്ലാതെയും മാലിന്യ സംസ്‌കരണം എന്ന ചുമതല നടപ്പിലാക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യക്തികൾ എന്നിവർക്കുള്ള ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർണയിച്ച് സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രീയമായ സംസ്‌കരണമാണ് സർക്കാർ ലക്ഷ്യം. മാലിന്യ സംസ്‌കരണത്തിന് രണ്ട് ഘട്ടങ്ങളായുള്ള സമഗ്ര പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. മാർച്ച് 13 മുതൽ മെയ് 31 വരെയും സെപ്റ്റംബർ ഒന്ന് മുതൽ ഡിസംബർ 31 വരെയുമായാകും രണ്ട് ഘട്ടങ്ങൾ നടപ്പിലാക്കുക. മാലിന്യ സംസ്‌കരണം ഉറപ്പ് വരുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾ ജില്ല സംസ്ഥാനതലം എന്നിവിടങ്ങളിൽ വാർറൂമുകൾ സജ്ജീകരിക്കും.
ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരം സൃഷ്‌ടിച്ച പ്രതിസന്ധിയെ ശുചിത്വ കേരളം എന്ന ലക്ഷ്യം നേടിയെടുക്കാനുള്ള അവസരമായി മാറ്റാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ ആരോപണങ്ങൾക്കെല്ലാം മറുപടി: ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം മറുപടി നൽകുന്നതായിരുന്നു മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്‌താവന. ബ്രഹ്മപുരത്തെ തീപിടിത്തവും അതിന് ശേഷം ഓരോ ദിവസവും നടന്ന പ്രവർത്തനങ്ങളും വിശദമായി പ്രതിപാദിച്ചായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. തീയണയ്ക്കുന്ന പ്രവർത്തനങ്ങളിൽ ഫയർഫോഴ്‌സിനെ കൂടാതെ ഇന്ത്യൻ നേവി ഹെലികോപ്റ്ററുകൾ, എയർഫോഴ്‌സ്, ബിപിസില്‍, എച്ച്പിസിഎൽ, സിയാൽ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഫാക്‌ട് എന്നീ സ്ഥാപനങ്ങളിലെ സംവിധാനങ്ങളും ഉപയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
250 ഓളം ഫയർ ആൻഡ് റെസ്ക്യു ജീവനക്കാർ രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചു. ഇത് കൂടാതെ ആരോഗ്യവകുപ്പും കൃത്യമായ നടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സമഗ്രമായ ആരോഗ്യപഠനം നടത്തും: ബ്രഹ്മപുരത്തെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്‌നങ്ങൾ സംബന്ധിച്ച് സമഗ്രമായ ആരോഗ്യ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ആരോഗ്യ സർവേ ബ്രഹ്മപുരത്തും സമീപപ്രദേശങ്ങളിലും ആരംഭിച്ചിട്ടുണ്ട്. ദീർഘകാലത്തേക്ക് നിലനിൽക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ ഇടയുള്ള ഘടകങ്ങൾ പരിശോധിക്കും.
മണ്ണിലോ വെള്ളത്തിലോ മനുഷ്യ ശരീരത്തിലെ ഇത്തരം ഘടകങ്ങളുണ്ടോ എന്നറിയാൻ ശാസ്ത്രീയമായ പഠനവും വിദഗ്‌ധരുടെ നേതൃത്വത്തിൽ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.