തിരുവനന്തപുരം: മദ്യത്തിന് അടിപ്പെട്ടവർക്ക് മുക്തി നേടാൻ ഇപ്പോഴത്തെ അവസരം വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയും ദിവസം മദ്യം ലഭിക്കാത്തതിനാൽ ഇപ്പോഴത്തെ സാഹചര്യവുമായി അവർ സ്വാഭാവികമായും പൊരുത്തപ്പെട്ടിട്ടുണ്ടാകും. വീട്ടിലെ മറ്റംഗങ്ങളുടെ സഹായത്തോടെ അവർ തൊട്ടടുത്തുള്ള എക്സൈസിന്‍റെ വിമുക്തി ലഹരി മോചന കേന്ദ്രങ്ങളിൽ ചികിത്സ തേടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യത്തിനടിപ്പെട്ടവർക്ക് കുറിപ്പടി ഡോക്‌ടർമാർ നൽകണമെന്ന് സർക്കാരിന് നിർബന്ധമില്ല. കുറിപ്പടി നൽകാതിരിക്കുന്നത് എന്തോ മഹാപരാധമാണെന്ന നിലപാടും സർക്കാരിനില്ല. ഇക്കാര്യത്തിൽ എന്തു വേണമെന്ന് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇപ്പോൾ വീടിനുള്ളിൽ ഒതുങ്ങി കഴിയുന്ന മഹാഭൂരിപക്ഷം പേരും ഇത് കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള അവസരമായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുമായും കുടുംബാംഗങ്ങളുമായും നല്ല നിലയിൽ ആശയ വിനിമയം നടത്തുക. പാചക കാര്യങ്ങളിൽ സ്ത്രീകളെ സഹായിക്കാൻ പുരുഷൻമാർ തയ്യാറായാൽ അതവർക്കൊരു ഉത്തേജനമാകും. അതേ സമയം എല്ലാവരും കൂടുതൽ സമയം വീട്ടിലിരിക്കുന്നതുമൂലം ഗാർഹിക പീഡനത്തിനുള്ള സാധ്യതയും കൂടുതലാണ്. ഇതൊഴിവാക്കാൻ നല്ല ജാഗ്രത വേണമെന്നും ജനപ്രതിനിധികൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടിലിരിക്കുന്ന വിദ്യാർത്ഥികൾ സമയം പാഴാക്കാതെ ഹാർവാർഡ് സർവകലാശാല സൗജന്യമായി നടത്തുന്ന ഓൺലൈൻ കോഴ്‌സുകൾ പോലെയുള്ളവ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.