തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്‍റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ ആവശ്യമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ സബ്‌മിഷൻ. പ്രത്യക്ഷത്തിൽ ഇഡിക്കെതിരെ എന്ന് തോന്നിക്കുമെങ്കിലും സർക്കാരിനെ ലക്ഷ്യമിട്ടുള്ള സബ്‌മിഷൻ അസാധാരണ രാഷ്‌ട്രീയ കൗശലത്തോടെയാണ് വി.ഡി സതീശൻ അവതരിപ്പിച്ചത്. പൊലീസിനെതിരെയും സർക്കാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നത്. മറ്റ് സംസ്ഥാനത്തേക്ക് മാറ്റുന്നത് കേസ് അട്ടിമറിച്ച് ഇല്ലാതാക്കാനാണോ ഇ.ഡിയുടെ ശ്രമം എന്ന് സംശയിക്കുന്നു. സർക്കാർ നിരപരാധിത്വം തെളിയിക്കണം. അതിന് ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്‍റെ രാഷ്‌ട്രീയ തന്ത്രത്തിന് അതേ നാണയത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേന്ദ്ര ഏജൻസികൾക്കെതിരായ നിലപാട് പ്രതിപക്ഷം മാറ്റിയതിൽ നന്ദിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ.ഡിക്കെതിരെ സമരം ചെയ്യാൻ പ്രതിപക്ഷ നേതാവിന് രാജ്‌ഭവനിൽ പോകേണ്ടതുണ്ട്. അതിനാലാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് ഇ.ഡിയെ സംശയിക്കുന്നത്. അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ഒരു ശ്രമവും നടത്തിയിട്ടില്ല. സംസ്ഥാന സർക്കാരിന് അന്വേഷണത്തിൽ ഇടപെടാനും കഴിയില്ല. കേന്ദ്ര ഏജൻസികൾ അത്തരം പരാതികൾ ഉന്നയിച്ചിട്ടില്ല. ഇരയ്‌ക്കൊപ്പം കിതയ്‌ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന പ്രതിപക്ഷ നിലപാട് ഇരട്ടത്താപ്പാണ്. ഇ.ഡിക്കുള്ള പരിമിതികൾ സിബിഐക്കും ഉണ്ട്. കേന്ദ്ര സർക്കാരിന്‍റെ നിലപാടുകൾക്ക് അനുസരിച്ചാണ് അന്വേഷണ ഏജൻസികൾ മാറുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ സരിത്തിന്‍റെ അറസ്റ്റ് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്‌തു. അന്വേഷണത്തെ എന്തിന് സർക്കാർ ഭയക്കുന്നു എന്ന് ചോദിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടികൾ പൂർത്തിയായതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ സർക്കാരിന് ഉത്തരവാദിത്തം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രിക്ക് പേടിയെന്ന മുദ്രാവാക്യവുമായി ആയിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. ഇതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.