തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടിയോടെ സ്വര്‍ണക്കടത്തുകേസ് കൂടുതല്‍ ദുരൂഹമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷം ഉന്നയിച്ച 10 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
സ്വപ്‌ന സുരേഷിന് ചെല്ലും ചെലവും നല്‍കുന്നത് സംഘപരിവാറാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ സംഘപരിവാറിന്‍റെ സ്ഥാപനത്തിലെത്തും മുന്‍പ് അവര്‍ ശിവശങ്കര്‍ നിയമനം നല്‍കിയ സര്‍ക്കാര്‍ ജീവനക്കാരിയായിരുന്നു. 1.5 ലക്ഷം രൂപ ശമ്പളത്തിന് അവരെ നിയമിച്ചത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നുപറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. അപ്പോള്‍ സ്വപ്‌ന സുരേഷിന് മാറി മാറി ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയത് സി.പി.എമ്മും സംഘപരിവാറുമായിരുന്നു എന്നതാണ് സത്യം.
സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ ശിവശങ്കര്‍ അനുവാദമില്ലാതെ പുസ്തകമെഴുതി വെളിപ്പെടുത്തല്‍ നടത്തിയാല്‍ തലോടല്‍. ഇതേ കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷ് രഹസ്യമൊഴിയിലൂടെ മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയാല്‍ കലാപാഹ്വാനം. എങ്ങനെയാണ് ഒരേ കേസില്‍ രണ്ടു നീതി.
സ്വപ്‌നയുടെ രഹസ്യ മൊഴി കളവായിരുന്നെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമപരമായി നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കണം. സ്വര്‍ണക്കടത്തുകേസില്‍ വ്യക്തമായ വിശദീകരണം ലഭിക്കും വരെ സര്‍ക്കാരിനെതിരായ പോരാട്ടം തുടരുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.