തിരുവനന്തപുരം: തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ ഓയിൽ ചോർച്ച. ഗ്ലാസ് നിർമ്മാണ യൂണിറ്റിലാണ് ഓയിൽ ചോർച്ചയുണ്ടായിരിക്കുന്നത്. ഫർണസ് ഓയിൽ ആണ് ചോർന്നത്. ഫർണസ് ഓയിലിന്‍റെ പൈപ്പ് പൊട്ടിയതാണ് ചോർച്ചയ്ക്ക് കാരണം. പുലർച്ചെ മുതലാണ് ഓയിൽ ചോർച്ചയുണ്ടായത്. ചോർന്ന ഓയിൽ വെട്ടുകാട് പ്രദേശത്ത് കടലിൽ വ്യാപകമായി പടർന്നു. വെട്ടുകാട് മുതൽ വേളി വരെ കിലോമീറ്ററോളം ദൂരത്താണ് ഓയിൽ പടർന്നത്. കിലോമീറ്ററോളം ദൂരത്ത് കടലിന്‍റെ നിറം മാറിയിട്ടുണ്ട്. ഇതോടെ തീരദേശവാസികൾ കടുത്ത ആശങ്കയിലാണ്. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് കടലിൽ വ്യാപകമായ രീതിയിൽ ഓയിൽ ചോർന്നത് കണ്ടെത്തിയത്. മത്സ്യബന്ധനത്തിനുള്ള വല ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ ഓയിൽ കലർന്ന നശിച്ചു. ആമ ഉൾപ്പെടെയുള്ള കടൽ ജീവികളും ഇവിടെ ചത്ത് കരയ്ക്കടിയിന്നുണ്ട്.
ടൈറ്റാനിയം അധികൃതർ ചോർച്ച ഉണ്ടായ ഭാഗത്ത് പരിശോധന നടത്തി. ചോർച്ചയ്ക്ക് കാരണം പൈപ്പ് പൊട്ടൽ ഉണ്ടെന്നും ഇത് പരിഹരിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ ഉച്ചയ്ക്ക് ഒരു മണിയോട് കൂടി ഓയിലിന്‍റെ കടലിലേക്കുള്ള ഒഴുക്ക് നിലച്ചു. സംഭവത്തെത്തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കടലിൽ കലർന്ന ഓയിൽ കരയ്ക്ക് അടിയുമ്പോൾ മണൽ ഉൾപ്പെടെ തീരത്ത് നിന്നും നീക്കുന്നതാണ് ഏക പ്രതിവിധി എന്ന മലിനീകരണനിയന്ത്രണ ബോർഡ് വ്യക്തമാക്കി. ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കടലിൽ എത്രത്തോളം ദൂരം ഓയിൽ പടർന്നു എന്നറിയാൻ കോസ്റ്റ് ഗാർഡ് പ്രത്യേക നിരീക്ഷണം നടത്തി. കടലിൽ കലർന്നത് കടൽ ജീവികളുടെ ജീവന് തന്നെ ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ അടിയന്തര നടപടിക്കാണ് ഭരണകൂടം ശ്രമിക്കുന്നത്. വിഎസ് ശിവകുമാർ എംഎൽഎ സ്ഥലം സന്ദർശിച്ചു. ഓയിൽ പടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ദിവസങ്ങളോളം കടലിൽ പോകാൻ സാധിക്കില്ലെന്നും സർക്കാർ ഇവർക്ക് അടിയന്തരസഹായം ചെയ്യണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. ഫർണസ് ഓയിൽ ചോർച്ച ഉണ്ടായ സാഹചര്യത്തിൽ തിരുവനന്തപുരത്തെ തീരമേഖലകളിൽ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ടൈറ്റാനിയം പ്രോഡക്ട്‌സില്‍ ഓയില്‍ ലീക്കേജുണ്ടായ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.