തിരുവനന്തപുരം: ദത്ത് നൽകലിൽ സംസ്ഥാന ശിശുക്ഷേമ സമിതി സർവ്വകാല റെക്കോർഡിലേക്കെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺ ഗോപി. ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രങ്ങളിൽ നിന്നും കഴിഞ്ഞ ആറ് മാസത്തിനിടയിൽ നിരവിധി കുരുന്നുകളാണ് പുതിയ മാതാപിതാക്കളുടെ കൈപ്പിടിച്ച് പടിയിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു (GL Arun gopi on State Child Welfare Committee all time record in adoption).
വിദേശ രാജ്യങ്ങളിലേക്ക് ഇതിൽ 10 കുട്ടികളെ കൊണ്ടുപോയി. അമ്പതാമത്തെ കുട്ടി നവംബർ 18നാണ് മലപ്പുറം ദത്തെടുക്കൽ കേന്ദ്രത്തിൽ നിന്ന് തമിഴ്‌നാട്ടിലെ രക്ഷകർത്താക്കൾക്കൊപ്പം പോയത്. ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപ് ഇത് ആദ്യമായാണ് ഇത്രയും കുട്ടികൾ ദത്തു പോകുന്നതെന്നും അരുൺ ഗോപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നൽകൽ പ്രക്രിയ വളരെ സുതാര്യമാക്കിയതുകൊണ്ടാണ് ഇത്രയധികം കുട്ടികളെ മക്കളില്ലാത്ത രക്ഷകർത്താക്കൾക്ക് ചുരുങ്ങിയ കാലയളവിൽ കൈമാറാൻ കഴിഞ്ഞത്. ഇറ്റലി - 4, ഡെൻമാർക്ക്-ഒന്ന്, സ്പെയിൻ - രണ്ട്, അമേരിക്ക - ഒന്ന്, യു.എ.ഇ-രണ്ട് എന്നിങ്ങനെയാണ് 10 കുട്ടികളെ വിദേശത്തേക്ക് ഒൻപത് മാസത്തിനിടെ ദത്തു നൽകിയത്.
ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും കേന്ദ്ര അഡോപ്ഷൻ ഏജൻസിയായ ‘കാര’ വഴിയാണ് ഓൺലൈനായി ദത്തെടുക്കൽ അപേക്ഷ നൽകുന്നതെന്നും ഇതിൽ മുൻഗണനാക്രമം പാലിച്ച് ‘കാര’യുടെ അനുമതി പ്രകാരമാണ് ദത്ത് നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.
ALSO READ: ലോക ദത്തെടുക്കൽ ദിനം: ഇവർക്ക് വേണം സ്നേഹ വീടുകൾ
ഇതിൽ 6 ആൺകുട്ടികളും 4 പെൺകുട്ടികളും ഉൾപ്പെടുന്നു. ആകെ ദത്ത് നൽകിയ കുട്ടികളിൽ 23 പേർ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ നിന്നുമാണെന്നും തമിഴ്‌നാട് - 10, ആന്ധ്രാ പ്രദേശ് -1, കർണ്ണാടക - 3, മഹാരാഷ്ട്ര-1, ഗോവ -1 എന്നിങ്ങനെ 16 പേർ ദത്ത് പോയെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദത്തെടുക്കൽ നടപടിക്രമങ്ങൾ ഓൺലൈനാക്കിയതോടെയാണ് വിദേശത്തു നിന്ന് കൂടുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. അനാഥമെന്ന വാക്കും സങ്കൽപ്പവും മറന്ന് എല്ലാ പേരെയും സനാഥരാക്കാൻ പരസ്‌പരം സഹായിക്കുകയും താങ്ങാകുകയും ചെയ്യുക എന്ന പ്രചരണത്തിന്‍റെ ഭാഗമായി ‘താരാട്ട്’ എന്ന പേരിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കേരളം ഒരു ദത്തെടുക്കൽ സൗഹൃദ കേന്ദ്രമായി മാറ്റുന്നതിന് മുന്നോടിയായി നവംബർ ,ഡിസംബർ മാസങ്ങളിൽ ജില്ലാതലങ്ങളിൽ ദത്തെടുക്കൽ അവബോധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 26 ഞായറാഴ്‌ച രാവിലെ 11.30-ന് ശിശുക്ഷേമ സമിതി ഹാളിൽ കേരള ഹൈക്കോടതി ജസ്‌റ്റിസ് എൻ നാഗരേഷ് നിർവ്വഹിക്കും.