തിരുവനന്തപുരം: ആദിവാസി മേഖലയായ വിതുര, പെരിങ്ങമ്മല പഞ്ചായത്തുകളില്‍ അഞ്ച് മാസത്തിനിടെ അഞ്ച് ആദിവാസി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ വിതുര, പാലോട് പൊലീസ് സ്റ്റേഷനുകളില്‍ അറസ്റ്റു ചെയ്തു.
സമീപ പഞ്ചായത്തുകളാണ് പെരിങ്ങമ്മലയും വിതുരയും. പാലോട് ഇടിഞ്ഞാര്‍ സ്വദേശി അലന്‍പീറ്റര്‍ (25), ആകാശ് നാഥ് എന്നിവരെ വിതുര പൊലീസും ശ്യാം എന്ന യുവാവിനെ പാലോട് പൊലീസും അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റവും പട്ടികജാതി, പട്ടിക വര്‍ഗ അതിക്രമ നിയമവും പോക്‌സോയും അനുസരിച്ചാണ് കേസെടുത്തത്.
മരിച്ച കുട്ടികളില്‍ മൂന്ന് പേര്‍ പാലോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലും രണ്ട് പെണ്‍കുട്ടികള്‍ വിതുര പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ്. സംഭവം വാര്‍ത്തയായതോടെ തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ് വിതുര, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലെത്തി.
പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍, ഊരുമൂപ്പന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. കേസിന്‍റെ അന്വഷണം അവസാന ഘട്ടത്തിലാണെന്ന് റൂറല്‍ എസ്.പി അറിയിച്ചു. പ്രതികള്‍ക്കെതിരെ പോക്‌സോ കേസ് കൂടി ചുമത്തി.
പുറത്തു നിന്നുള്ള യുവാക്കള്‍ ആദിവാസി ഊരുകളിലെത്തി പെണ്‍കുട്ടികളെ പ്രേമം നടിച്ചു വശീകരിക്കുകയും മയക്കുമരുന്നിടമയാക്കി ലൈംഗിക ചൂഷണം നടത്തി ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നെന്ന് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് പൊലീസിനു ബോദ്ധ്യമായി.
ആത്മഹത്യ ചെയ്ത അഞ്ച് പെണ്‍കുട്ടികളില്‍ ഒരാള്‍ക്കു മാത്രമാണ് 18 വയസ് പൂര്‍ത്തിയായത്. മറ്റ് നാലുപേരും 17 വയസിനു താഴെ പ്രായമുള്ളവരാണ്. സെപ്തംബര്‍ മാസത്തിലാണ് ആദ്യ ആത്മഹത്യ നടന്നത്. പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി കോളനിയായ വിട്ടിക്കാവ് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ 17 കാരി വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.
തൊട്ടു പിന്നാലെയാണ് വിവിധ ദിവസങ്ങളിലായി മറ്റ് നാല് പേര്‍ കൂടി മരിച്ചത്. ആദ്യത്തേത് സാധാരണ ആത്മഹത്യയായി നാട്ടുകാരും കുടംബവും കരുതിയെങ്കിലും പിന്നാലെ നാലു പെണ്‍കുട്ടികള്‍ കൂടി മരിച്ചതോടെയാണ് സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന സംശയം ബലപ്പെട്ടത്.
Also Read: സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരെ കോടിയേരി ബാലകൃഷ്ണന്‍ അടച്ചാക്ഷേപികുന്നു: കെ സുധാകരന്‍
ഇക്കാര്യം മാദ്ധ്യമ വാര്‍ത്തയായതോടെ പൊലീസ് ഊര്‍ജിതമായ അന്വഷണം ആരംഭിച്ചു. മരിച്ച പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ വിശദമായി പൊലീസ് പരിശോധിച്ചതോടെയാണ് പ്രതികളെ സംബന്ധിച്ച സൂചനകള്‍ പൊലീസിനു ലഭിച്ചത്. ഇതോടെയാണ് സമീപ പ്രദേശങ്ങളിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരല്ലാത്ത മൂന്ന് പേര്‍ അറസ്റ്റിലാകുന്നത്.
ഇവര്‍ സ്ഥിരമായി പെണ്‍കുട്ടികള്‍ താമസിക്കുന്ന ഊരിനു സമീപത്തെത്തുകയും പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.