ബാലരാമപുരത്ത് മതപഠനശാലയില്‍ 17 കാരി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കൾ - അല്‍ അമൻ മതപഠനശാല
മതപഠനശാലയിൽ താമസിച്ച് പഠിക്കുകയായിരുന്ന വിദ്യാർഥിനി മരിച്ച നിലയിൽ
തിരുവനന്തപുരം : ബാലരാമപുരത്ത് മതപഠനശാലയില്‍ 17 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരത്തെ അല്‍ അമൻ മതപഠനശാലയിലാണ് സംഭവം. ഇന്നലെ ഉച്ചയോടെ പെണ്‍കുട്ടി അമ്മയെ വിളിച്ച് സ്ഥാപനത്തില്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് സ്ഥാപനത്തില്‍ എത്തിയ അമ്മയോട് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി സ്ഥാപനത്തിന്‍റെ അധികൃതര്‍ അറിയിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ബാലരാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയ ശേഷം മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. ഒരു വര്‍ഷത്തിലേറെയായി പെണ്‍കുട്ടി മതപഠനശാലയില്‍ താമസിച്ച് പഠിച്ചു വരികയാണ്. വെള്ളിയാഴ്‌ച തോറുമാണ് വീട്ടില്‍ വിളിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്‌ച കുട്ടി വിളിക്കാത്തതിനെ തുടര്‍ന്ന് അമ്മ സ്ഥാപനത്തിലേക്ക് വിളിക്കുകയായിരുന്നു.
ഇതിന് ശേഷം അമ്മയെ തിരികെ വിളിച്ചപ്പോഴാണ് സ്ഥാപനത്തിലേക്ക് എത്തണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. സ്ഥാപനത്തിലെ ഉസ്‌താദും ടീച്ചറും വഴക്കുപറഞ്ഞെന്ന് കുട്ടി പരാതിപ്പെട്ടതായും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മതപഠനശാലയുടെ അടുക്കള ഭാഗത്തോട് ചേര്‍ന്നുള്ള മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കിണറ്റിൽ മരിച്ച നിലയിൽ : കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേമഞ്ചേരി തുവ്വക്കോട് പോസ്‌റ്റ് ഓഫീസിന് സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിൻ്റെ ഭാര്യ ധന്യയും ഒന്നര വയസുള്ള മകൾ പ്രാർത്ഥനയുമാണ് മരണപ്പെട്ടത്. മരണപ്പെട്ട ധന്യ ചേമഞ്ചേരി കുറ്റിയിൽ ഗംഗാധരൻ നായരുടേയും സുധയുടേയും മകളാണ്.
ബുധനാഴ്‌ച രാവിലെ ഏഴ് മണിയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ അമ്മയുടേയും കുഞ്ഞിന്‍റെയും മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.