തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്കിലെത്തിയ സംഘം വിദ്യാർഥിയെ ആക്രമിച്ചു. ധനുവച്ചപുരം എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി അഞ്ജലി കൃഷ്‌ണയാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകിട്ട് (04.12.22) തൊഴുക്കലിന് സമീപത്ത് വച്ചായിരുന്നു സംഭവം.
സുഹൃത്തുക്കളുമൊത്ത് ട്യൂഷൻ കഴിഞ്ഞ് മടങ്ങവേ ബൈക്കിലെത്തിയ രണ്ടംഗസംഘം കുട്ടിയെ ആക്രമിക്കുകയായിരുന്നു. ബൈക്കിന് പുറകിൽ ഇരുന്നയാൾ അഞ്ജലിയെ കൈകൊണ്ട് അടിക്കുകയായിരുന്നു എന്ന് അമ്മ സൗമ്യ നെയ്യാറ്റിൻകര പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് അഞ്ജലി കൃഷ്‌ണ നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം മാല പിടിച്ചുപറിയും സംശയിക്കുന്നുണ്ട്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.
Also read: കൊച്ചിയില്‍ യുവതിക്കുനേരെയുണ്ടായ ആക്രമണം വധശ്രമമെന്ന് ദൃക്‌സാക്ഷികൾ