തിരുവനന്തപുരം: പ്രളയത്തിന്‍റെയും ഉരുള്‍പൊട്ടലിന്‍റെയും പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഗൗരവമായി എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്നവര്‍ ഒരു പ്രാവശ്യമെങ്കിലും അത് വായിക്കാന്‍ തയ്യാറാകണം. വര്‍ഷങ്ങളായി മലയോര മേഖലകളില്‍ താമസിക്കുന്ന പാവപ്പെട്ടവരെ കുടിയിറക്കരുതെന്ന ഉദ്ദേശത്തോടെയാണ് കഴിഞ്ഞ സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുള്ളത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയെയോ റിസോര്‍ട്ട് ഉടമകളെയോ സഹായിക്കാന്‍ വേണ്ടിയല്ല യു ഡി എഫ് സര്‍ക്കാര്‍ നിലപാട് എടുത്തത്.
പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഇനിയൊരു കടന്നാക്രമണവും കയ്യേറ്റവും നമുക്ക് അനുവദിച്ചുകൂടാ. ഈ ആവാസവ്യവസ്ഥ മനുഷ്യന് മാത്രമല്ല സര്‍വ്വ ചരാചരങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ജൈവ വൈവിധ്യങ്ങളുടെ അപൂര്‍വ്വ കലവറയാണ് പശ്ചിമഘട്ടം. ഇത് തകര്‍ക്കാനും ചൂഷണം ചെയ്യാനും ആര്‍ക്കും അവകാശമില്ല. വരുന്ന തലമുറയ്ക്ക് ഒരു പരിക്കും കൂടാതെ ഇവ സംരക്ഷിച്ച് നിലനിര്‍ത്തുകയാണ് നമ്മുടെ ചുമതല. ഗാഡ്‌ഗില്‍ റിപ്പോർട്ടിനെ കുറിച്ച് ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിച്ച് വരാന്‍ പോകുന്ന മഹാദുരന്തങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.