തിരുവനന്തപുരം : സിപിഎം ഉന്നത നേതാവ് 2.35 കോടി രൂപ കൈതോലപ്പായയില്‍ കെട്ടി കാറിന്‍റെ ഡിക്കിയില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്ന ആരോപണവുമായി ദേശാഭിമാനി മുന്‍ പത്രാധിപ സമിതി അംഗം ജി ശക്തിധരന്‍. ഫേസ്‌ബുക്കിലൂടെയാണ് ശക്തിധരന്‍ സിപിഎമ്മിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
തിരുവനന്തപുരം മുതല്‍ ടൈംസ് സ്‌ക്വയര്‍ വരെ പേരുകേട്ട കള്ള് ചെത്ത് തൊഴിലാളിയുടെ മകനും ഇപ്പോള്‍ കോടീശ്വരനുമായ നേതാവിന്‍റെ കാര്യം പറയാനുണ്ടെന്ന ആമുഖത്തോടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൊച്ചി കലൂരിലെ ദേശാഭിമാനി ഓഫിസില്‍ രണ്ട് ദിവസം താമസിച്ച നേതാവ് ചില വന്‍ തോക്കുകളില്‍ നിന്നും വലിയ തുക കൈപ്പറ്റിയെന്നാണ് ആരോപണം.
താന്‍ കൂടി സഹായിച്ചാണ് ഇത്തരത്തില്‍ ശേഖരിച്ച പണം എണ്ണി തിട്ടപ്പെടുത്തിയതെന്നും അത് രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപയുണ്ടായിരുന്നും ശക്‌തിധരൻ ആരോപിക്കുന്നു. ഈ തുക കൈതോലപ്പായയില്‍ കെട്ടി ഇന്നോവ കാറിന്‍റെ ഡിക്കിയില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഇന്ന് മന്ത്രിസഭയിലുള്ള ഒരംഗം കൂടി ആ കാറില്‍ ഉണ്ടായിരുന്നതായും ശക്തിധരന്‍ ആരോപിക്കുന്നു.
എന്നാല്‍ ആ പണം എന്ത് ചെയ്‌തെന്ന് അറിയില്ല. അത് ഇരുളില്‍ മറഞ്ഞു. പണം എവിടെ പോയെന്ന് വ്യക്തമാക്കണമെന്നും ശക്തിധരന്‍ ആവശ്യപ്പെട്ടു. മറ്റൊരു സംഭവത്തില്‍ ഒരു കോടീശ്വരന്‍ കോവളത്തെ ഹോട്ടലില്‍ വച്ച് രണ്ട് പായ്‌ക്കറ്റുകള്‍ പാര്‍ട്ടിക്കായി ഇതേ നേതാവിന് കൈമാറിയിരുന്നു. എന്നാല്‍ പാര്‍ട്ടി സെന്‍ററില്‍ ഒരു പായ്ക്കറ്റ് മാത്രമാണ് എത്തിയത്.
ഇതില്‍ 10 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ഇതേ വലിപ്പത്തിള്ള മറ്റൊരു പായ്ക്കറ്റ് എകെജി സെന്‍ററിന് എതിര്‍ വശത്തുള്ള നേതാവിന്‍റെ ഫ്ലാറ്റിലേക്കാണ് കൊണ്ടുപോയത്. ഇതെല്ലാം അന്നത്തെ എകെജി സെന്‍ററിലെ ജീവനക്കാർക്ക് അറിവുള്ളതാണെന്നും ശക്തിധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
ആക്രമണം തുടർന്നാൽ കൂടുതൽ വെളിപ്പെടുത്തും : കൈതോലപ്പായയുടെ ചിത്രം സഹിതമാണ് പോസ്റ്റ്. ഇത് കൂടാതെ തനിക്കും തന്‍റെ കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന മുന്നറിയിപ്പും പോസ്റ്റിലുണ്ട്. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ജി.ശക്തിധരന്‍. പിണറായി വിജയനുമായുള്ള അഭിപ്രായ വ്യത്യാസമാണ് ശക്തിധരനെ പുറത്താക്കാൻ കാരണം.
ഇപ്പോള്‍ ശക്തിധരന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്‌തമാണ്. നേതാവിന്‍റെ പേര് പറയുന്നില്ലെങ്കിലും വ്യക്തമായ സൂചന നല്‍കിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ശക്തിധരന്‍റെ ആരോപണങ്ങളില്‍ മൗനം പാലിക്കാനാണ് സിപിഎം തീരുമാനം.
ആയുധമാക്കി പ്രതിപക്ഷം : എന്നാല്‍ പ്രതിപക്ഷം ഇത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ ആയുധമായി ഉയര്‍ത്തി കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനുമെതിരെ കേസുകളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഈ വെളിപ്പെടുത്തലിലും കേസെടുക്കുമൊയെന്ന വെല്ലുവിളിയാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
ശക്തിധരന്‍റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബെഹന്നാന്‍ എം.പി ഡിജിപിക്ക് കത്ത് നല്‍കി. കോടികളുടെ ഇടപാട് നടന്നുവെന്ന ആരോപണം ഗുരുതരമാണെന്നും ശക്തിധരന്‍റെ ജീവന് ഭീഷണിയുള്ളതിനാല്‍ അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്താനും പൊലീസ് സംരക്ഷണം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് ബെന്നി ബേഹന്നാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.