തിരുവനന്തപുരം: സംഗീത സംവിധായകൻ ജി.ദേവരാജൻ ചിട്ടപ്പെടുത്തിയ ഷഡ്‌കാല പല്ലവി വീണ്ടും അരങ്ങിലേക്ക്. അസാധാരണ പ്രതിഭകൾക്ക് മാത്രം സാധിക്കുന്ന ആറ് കാലങ്ങളിലെ ആലാപനം ഞായറാഴ്‌ച തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് അരങ്ങേറുന്നത്. പ്രമുഖ സംഗീതജ്ഞൻ ഡോ.കെ.കൃഷ്‌ണകുമാറാണ് ആലപിക്കുന്നത്.
കർണാടക സംഗീതത്തിന് ജി.ദേവരാജൻ നൽകിയ അമൂല്യ സംഭാവനയാണ് ഷഡ്‌കാല പല്ലവി. ഡോ.ബാലമുരളീകൃഷ്‌ണയുടെ പ്രിയശിഷ്യൻ കൂടിയായ കൃഷ്‌ണകുമാർ നേരിട്ടാണ് ദേവരാജന്‍ മാഷില്‍ നിന്നും ഷഡ്‌കാല പല്ലവികൾ അഭ്യസിച്ചത്. ഇത്തരം 150 ഓളം പല്ലവികൾ ദേവരാജൻ മാഷ് ചിട്ടപ്പെടുത്തിയിട്ടുണ്ട്.
രണ്ട് തവണ ഷഡ്‌കാല പല്ലവി കൃഷ്‌ണകുമാർ വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ദേവരാജൻ മാഷ് അന്തരിച്ച ശേഷം ആദ്യമായാണ് ഇത് വേദിയിലെത്തുന്നത്. ദേവരാജൻ മാഷ് രൂപം നൽകിയ ശക്തിഗാഥ കൊയറിന്‍റെ പൂർണരൂപത്തിലുള്ള അവതരണവും ഞായറാഴ്‌ച നടക്കും.