തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില 90 കടന്നതോടെ ദുരിതത്തിലായിരിക്കുകയാണ് ജനങ്ങൾ. മുംബൈയിൽ പെട്രോൾ വില നൂറു കടന്നതോടെ ആശങ്ക വർധിച്ചു. തുടർച്ചയായി അഞ്ചാം ദിവസവും വില വർധിച്ച് തിരുവനന്തപുരത്ത് പെട്രോളിന് 90. 87 രൂപയും ഡീസലിന് 85. 31 രൂപയുമായി. ഈ നില തുടർന്നാൽ വൈകാതെ കേരളത്തിലും പെട്രോൾ വില സെഞ്ച്വറി അടിക്കുമെന്നാണ് സൂചന. ഇന്ധനവില വർധനവിനു പിന്നാലെ അവശ്യസാധനങ്ങളുടെ വിലയും കൂടുമെന്ന ഭീതിയാണ് ജനങ്ങൾ പങ്കുവയ്ക്കുന്നത്.
ഇന്ധന വില വർധിച്ച പശ്ചാത്തലത്തിൽ പഴയ മീറ്റർ നിരക്കിൽ ഓടാനാകാതെ വലയുകയാണ് ഓട്ടോത്തൊഴിലാളികൾ. ഇന്ധന വില കൂടുന്നതനുസരിച്ച് ജീവിതച്ചെലവ് ഉയരും. വരുമാന വർധനവ് ഉണ്ടാകുന്നുമില്ല. അതിനാൽ ജീവിതം തളളിനീക്കുക ബുദ്ധിമുട്ടാകുമെന്നതും വസ്തുതയാണ്. കേന്ദ്ര സർക്കാർ നിലപാടുകളാണ് ഇന്ധന വിലയിൽ നിർണായകമാകുന്നതെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.