തിരുവനന്തപുരം: വേനൽ ചൂട് അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ പഴക്കച്ചവടം സജീവമാവുകയാണ്. തണ്ണിമത്തൻ, ഓറഞ്ച് എന്നിവയ്ക്കാണ് വിപണിയിൽ കൂടുതൽ ആവശ്യക്കാർ. കാലാവസ്ഥ മാറിയതോടെ ചാല കമ്പോളത്തിൽ വിവിധ പഴവർഗങ്ങളുടെ കച്ചവടവും വർധിക്കുകയാണ്.
സാധാരണ 4 മുതൽ 5 ലോഡ് പഴവർഗങ്ങളാണ് ചാലയിൽ എത്തുന്നത്. എന്നാൽ, വേനലെത്തിയതോടെ ദിവസേന 10 മുതൽ 12 ലോഡ് വരെ വിവിധയിനം പഴവർഗങ്ങൾ എത്തുന്നുണ്ട്. കശ്മീർ, ഹിമാചൽ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചത്തോടെ ഓറഞ്ച് വിപണിയിൽ സുലഭമാണ്.
50 മുതൽ 60 രൂപ മൊത്തവിലയ്ക്കാണ് ഓറഞ്ചിന്‍റെ കച്ചവടം നടക്കുന്നത്. തണ്ണിമത്തന് കിലോയ്ക്ക് 23 രൂപയാണിപ്പോൾ. ആപ്പിൾ സീസൺ അല്ലാത്തതിനാൽ വിദേശത്ത് നിന്നുമാണ് കൂടുതലായും സംസ്ഥാനത്തേയ്ക്ക് എത്തുന്നത്.
പഴവര്‍ഗങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്ന്: ഇറാൻ, തുർക്കി, പോളണ്ട്, ഇറ്റലി, സെർബിയ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും വിവിധയിനം അപ്പിളുകൾ എത്തുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്യുന്ന പഴങ്ങൾ പിന്നീട് റോഡ് മാർഗമാണ് ചാലയിലേക്ക് എത്തുന്നത്. ഈജിപ്റ്റിൽ നിന്നുമെത്തുന്ന ഏറെ മധുരമുള്ള സിട്രസ് ഓറഞ്ചാണ് മറ്റൊരു വെറൈറ്റി.
അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നുമാകും മാങ്ങയും തണ്ണിമത്തനും പേരയ്ക്കയും കമ്പോളത്തിലെത്തുക. മുന്തിരി ഇനങ്ങളായ മഖീരി മുന്തിരി, റോസ് മുന്തിരി വെള്ള മുന്തിരി കറുത്ത മുന്തിരി എന്നിവയും വിപണിയിൽ സജീവമാവുകയാണ്. എന്നാൽ, ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്നത് തണ്ണിമത്തനാണെന്നാണ് വ്യാപാരികൾ പറയുന്നത്. സീസൺ ആയതിനാലുള്ള വിലക്കുറവു കൊണ്ടും ജനപ്രീതി കൊണ്ടും തണ്ണിമത്തൻ തന്നെയാണ് വിപണിയിലെ താരം.
വേനല്‍കാലത്ത് പഴവര്‍ഗങ്ങള്‍ കഴിക്കാം: വേനല്‍ കടുത്തു തുടങ്ങിയതോടെ ശാരീരിക ക്ഷീണം അനുഭവപ്പെട്ടേക്കാം. അതിനാല്‍ തന്നെ ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും വളരെയധികം അത്യാവശ്യമാണ്. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുകയോ അല്ലെങ്കില്‍ പഴങ്ങള്‍ കഴിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.
തണ്ണിമത്തന്‍, മാമ്പഴം, സ്‌ട്രോബറി, പൈനാപ്പിള്‍, ആപ്പിള്‍, ഷമാം, പപ്പായ, ഓറഞ്ച് തുടങ്ങിയവയാണ് വേനല്‍ കാലത്ത് പ്രധാനമായും കഴിക്കേണ്ട പഴവര്‍ഗങ്ങള്‍. ഇവയെല്ലാം ജ്യൂസാക്കിയോ അല്ലാതെയോ കഴിക്കാം. ആന്‍റി ഓക്‌സിഡന്‍റ് ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കുക വഴി പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സാധിക്കും.
ആന്‍റി ഓക്‌സിഡന്‍റ് ധാരാളം അടങ്ങിയ പഴവര്‍ഗങ്ങളിലൊന്നാണ് മാമ്പഴം. എന്നാല്‍, നിര്‍ജലീകരണം തടയാന്‍ ഏറ്റവും ഉത്തമമായ പഴവര്‍ഗമാണ് തണ്ണിമത്തന്‍. ഏകദേശം 90 ശതമാനം ജലാംശമാണ് തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നത്. അമിനോ ആസിഡ് ആര്‍ഗിനിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതിനാല്‍ ശരീരത്തിന്‍റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും തണ്ണിമത്തന് സാധിക്കും.
വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി. പൊടാസ്യം തുടങ്ങി ധാരാളം പോഷകങ്ങള്‍ അടങ്ങിയ പഴവര്‍ഗമാണ് സ്‌ട്രോബറി. തണ്ണിമത്തന്‍ പോലെ തന്നെ ധാരാളം ജലാംശം അടങ്ങിയിട്ടുള്ള പഴവര്‍ഗമാണ് പൈനാപ്പിളും പപ്പായയും. എന്നാല്‍, വിറ്റാമിനുകളാലും ധാതുക്കളാളും സമ്പന്നമായ പഴമാണ് ആപ്പിള്‍. വേനല്‍ ചൂടില്‍ പഴവര്‍ഗങ്ങള്‍ കഴിച്ച് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ആരോഗ്യമുള്ളവരായി ഇരിക്കുവാനും ശ്രദ്ധിക്കാം.