തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിന്‍റെ അകത്തളങ്ങളിൽ ഇപ്പോൾ സംഗീതം അലയടിക്കുകയാണ്. വർഷങ്ങളായി തടവറയുടെ മടുപ്പിക്കുന്ന ഏകാന്തതയനുഭവിച്ച് നരച്ചുപോയ മനുഷ്യർക്ക് പുതിയ പ്രതീക്ഷകൾ നൽകി ജയിലിന്‍റെ സ്വന്തം റേഡിയോയായ ഫ്രീഡം സിംഫണി പാടിത്തുടങ്ങി.
തടവുകാർക്കുവേണ്ടി ആവിഷ്കരിച്ച് ജയിലിൽ പ്രക്ഷേപണം ചെയ്യുന്ന കമ്യൂണിറ്റി റേഡിയോ ആണ് ഫ്രീഡം സിംഫണി. ആഴ്ചയിൽ രണ്ടുദിവസം ഓരോ മണിക്കൂർ വീതമാണ് പ്രക്ഷേപണം. ഇത് കേള്‍ക്കാന്‍ തടവുകാർ കാത്തിരിക്കും.
ആശയം ജയിൽ സൂപ്രണ്ട് എൻഎസ് നിർമലാനന്ദൻ നായരുടെത്
തെരഞ്ഞെടുക്കപ്പെട്ട തടവുകാരാണ് റേഡിയോ അവതാരകർ. അറിഞ്ഞോ അറിയാതെയോ തടവറയിൽ വന്നുപെട്ടവർക്ക് കുറച്ച് മണിക്കൂറുകളെങ്കിലും ഇത് തിരുത്തലിന്‍റെയും തിരിഞ്ഞുനോട്ടത്തിന്‍റെയും സമയമാണ്. ജയിൽ സൂപ്രണ്ട് എൻഎസ് നിർമലാനന്ദൻ നായരുടെ ആശയമാണ് ഫ്രീഡം സിംഫണി റേഡിയോ. കുറ്റവാളികൾക്കിടയിലേക്ക് നല്ല വാക്കുകളും സംഗീതവുമെത്തുമ്പോൾ അവരിൽ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് അധികൃതർക്ക്.
നല്ല കഥകളും പാട്ടും നന്മ വളര്‍ത്തുമെന്ന് പ്രതീക്ഷ
അവതാരകരിൽ 44 വയസുകാരൻ മുതൽ 65 കാരൻ വരെയുണ്ട്. ഇവർ പാട്ടുപാടുകയും അറിവുകളും നല്ല സന്ദേശങ്ങളും എഴുതി തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. ഇവരെ ഏകോപിപ്പിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വിയ്യൂർ സെന്‍ട്രല്‍ ജയിലിൽ പരീക്ഷിച്ചുവിജയിച്ച ആശയമാണ് ജയിൽ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ പൂജപ്പുരയിലും നടപ്പാക്കിയത്. എന്നാല്‍ ജയിലിൽ തടവുകാർക്ക് സന്തോഷങ്ങൾ കൂടിപ്പോകുന്നോ എന്ന് സംശയിക്കുന്നവരുമുണ്ട്.
കൂടുതല്‍ വായനക്ക്: റഷ്യൻ സർവകലാശാലയിൽ വെടിവയ്‌പ്; എട്ട് മരണം
എന്നാല്‍ ഒരു നീണ്ട തടവുകാലം കഴിഞ്ഞ് പുറത്തിറങ്ങുന്നവരില്‍ റേഡിയോയിലൂടെ കേൾപ്പിക്കുന്ന നന്മയുടെ സന്ദേശവും സംഗീതവും എന്തെങ്കിലും മാറ്റം വരുത്തുമെങ്കിലോ എന്ന പ്രതീക്ഷയാണ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്. ഇനി ഒരിക്കലും മടങ്ങി വരില്ലെന്ന തീരുമാനമെടുക്കാൻ തടവറയിലിരുന്ന് കേട്ട നല്ല കഥകളും പാട്ടുകളും അവരെ സഹായിക്കുമെങ്കിൽ നല്ലതല്ലേ എന്നും അധികൃതര്‍ പറയുന്നു.